തിരുവനന്തപുരം: സംഘ്പരിവാറിന്റെ സംഘര്‍ഷത്തിന് വഴങ്ങി കതിരൂര്‍ മനോജ് വധക്കേസ് സിബിഐക്ക് വിടുകയും മറ്റ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്നും വ്യത്യസ്തമായി യുഎപിഎ ചുമത്തുകയും ചെയ്ത യുഡിഎഫ് സര്‍ക്കാര്‍ അനുഭവിക്കേണ്ടിവരുമെന്ന് സിപിഎം മുന്നറിയിപ്പ്.
മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സിപിഎം നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനും പാര്‍ട്ടിയെ തകര്‍ക്കാനും നടത്തിയ നീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് കതിരൂര്‍ മനോജ് വധക്കേസ് സിബിഐക്ക് വിട്ട നടപടിയെന്നാണ് സിപിഎം ആരോപിക്കുന്നത്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുന്‍കൈയെടുത്ത് യുഎപിഎ നിയമം ചുമത്തിയത് ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്നതിനു വേണ്ടിയാണെന്നും ഇടത് മുന്നണി അധികാരത്തില്‍ വന്നാല്‍ ഇതിനെല്ലാം ചെന്നിത്തല ഉള്‍പ്പെടെ യുഡിഎഫ് മന്ത്രിസഭയിലെ ആര്‍എസ്എസ് ‘ഭക്തര്‍’ അനുഭവിക്കേണ്ടിവരുമെന്നുമാണ് സിപിഎം മുന്നറിയിപ്പ് നല്‍കുന്നത്.
വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണി തൊഗാഡിയക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചും വെള്ളാപ്പള്ളി-ബിജെപി സഖ്യത്തിന് അണിയറയില്‍ ‘ചരട്’ വലിച്ചും ആര്‍എസ്എസ് ഭക്തി പ്രകടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും വെറുതെ വിടരുതെന്ന അഭിപ്രായം അണികള്‍ക്കിടയിലും ശക്തമാണ്.
അഴിക്കുള്ളിലാകേണ്ട നിരവധി കാര്യങ്ങള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭയിലെ മിക്കവരും ഇതിനകം തന്നെ ചെയ്തിട്ടുണ്ടെന്നും ഭരണ മാറ്റത്തോടെ ഇക്കാര്യങ്ങളില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാകുമെന്നുമാണ് സിപിഎം കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
അധികാരത്തിലിരുന്ന് എതിര്‍പാര്‍ട്ടി നേതാക്കളെ തുറങ്കിലടക്കുന്ന തമിഴ്‌നാട് സ്‌റ്റൈല്‍ രാഷ്ട്രീയത്തിനാണ് യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നതെന്നും ഇതിന്റെ പരിണിത ഫലം അനുഭവിക്കുമ്പോള്‍ മനസിലായിക്കൊള്ളുമെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.
ഭരണമാറ്റമുണ്ടായാല്‍ ചെന്നിത്തല ആരോപണ വിധേയനായ പൊലീസ് നിയമന തട്ടിപ്പ്, ബാര്‍ കോഴക്കേസ്, മുഖ്യമന്ത്രി അടക്കമുള്ള മറ്റ് മന്ത്രിമാര്‍ക്കെതിരെയുള്ള പരാതികള്‍ എന്നിവ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിക്കുമെന്നാണ് അറിയുന്നത്.
ജയരാജനെ അഴിക്കുള്ളിലാക്കാന്‍ കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവും ആര്‍എസ്എസും ഉണ്ടാക്കിയ തിരക്കഥ പ്രകാരമാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ കാരണമെന്ന പ്രചരണം സംസ്ഥാന വ്യാപകമായി നടത്താനും, യുഡിഎഫ്-സംഘ്പരിവാര്‍ രഹസ്യ ധാരണ തുറന്നുകാട്ടാന്‍ ഈ സംഭവം ആയുധമാക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.