കണ്ണൂര്‍: പി.ജയരാജന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ റിപ്പോര്‍ട്ട് തേടി. ജയരാജനെ ചികിത്സിച്ച ഡോക്ടറോട് തിങ്കളാഴ്ച ഹാജരാകാനും സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെയുള്ള എല്ലാ പരിശോധനാ റിപ്പോര്‍ട്ടുകളും അന്ന് ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചു.
ജയരാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നടപടിയുടെ മുന്നൊരുക്കമായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. നേരത്തെതന്നെ ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ സി.ബി.ഐ തുടങ്ങിയിരുന്നു. 16 മുതല്‍ 19 വരെ ജയരാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് സി.ബി.ഐ നീക്കം.
കതിരൂര്‍ മനോജ് വധക്കേസില്‍ കീഴടങ്ങിയ സി.പി.എം നേതാവ് പി.ജയരാജനെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് ഇന്നലെതന്നെ മാറ്റിയിരുന്നു. കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ നടത്തിയ വൈദ്യപരിശോധനക്ക് ശേഷമാണ് ജയരാജനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെത്തന്നെയാണ് ഇന്നലെ രാവിലെ ജയരാജന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. 23 ദിവസമായി ജയരാജന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ജയരാജനെ ആസ്പത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ജയരാജന്റെ ചികിത്സ ഏത് ആസ്പത്രിയിലായിരിക്കണമെന്നകാര്യത്തില്‍ ജയില്‍ സൂപ്രണ്ടിന് തീരുമാനമെടുക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.