Kathiroor murder: CPM leader P Jayarajan made accused;possibility of conflict

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ത്ത സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ വ്യാപക സംഘര്‍ഷമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം.

എകെജി ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തിന് അഡ്മിറ്റായ ജയരാജനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകോപിതരാകാനും അക്രമാസക്തമാവാനും സാധ്യതയുണ്ടെന്ന വിവരം സംസ്ഥാന പൊലീസും സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.

പി ജയരാജന്‍ കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയല്ലെന്ന് കഴിഞ്ഞദിവസം വരെ ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ റിപ്പോര്‍ട്ട് നല്‍കിയ സിബിഐ ഇപ്പോള്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണെന്നാണ് സിപിഎം ആരോപണം.

അതുകൊണ്ട് തന്നെ നിയമപരമായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതോടൊപ്പം തന്നെ സാധ്യമായ ‘മറ്റ് വഴികള്‍’ സ്വീകരിക്കാനുമാണ് നീക്കം.

ജയരാജന്റെ അസുഖം ഭേദമായാല്‍ അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാണെന്നും അതല്ലാതെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കുമെന്നുമുള്ള മുന്നറിയിപ്പ് സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് സംസ്ഥാന പൊലീസിനും ലഭിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ജില്ലാ നേതാവിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയാണെങ്കില്‍ സംസ്ഥാന പൊലീസിന്റെ സഹകരണം ഉറപ്പ് വരുത്തിയതിന് ശേഷമേ ഉണ്ടാകു എന്ന് സിബിഐ കേന്ദ്രങ്ങളും വ്യക്തമാക്കി.

മതിയായ പൊലീസ് സന്നാഹത്തെ വിന്യസിക്കാതെ അറസ്റ്റ് നടപടിയിലേക്ക് കടക്കേണ്ടെന്നാണ് സിബിഐയുടെ നിലപാട്.

അര്‍ധരാത്രിയോ പുലര്‍ച്ചെയോ ജയരാജിനെ സിബിഐ കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ജാഗ്രത പാലിക്കാന്‍ സിപിഎം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി കൂടിയാലോചന നടത്തി ജാമ്യാപേക്ഷയുമായി മുന്നോട്ട് പോവാനും പാര്‍ട്ടി നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ യുഎപിഎ ചുമത്തിയ കേസില്‍ ജയരാജന്‍ അറസ്റ്റിലായാല്‍ ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

സിബിഐയുടെ നിര്‍ദ്ദേശം ലഭിച്ചാല്‍ ആവശ്യമായ സജ്ജീകരണം നടത്താന്‍ ജില്ലാ പൊലീസ് മേധാവിക്കും ഇതിനകം നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ ഗൂഢാലോചന പ്രകാരമാണ് പി.ജയരാജനെ പ്രതിയാക്കിയത് എന്നതിനാല്‍ സര്‍വ്വശക്തിയുമെടുത്ത് ആര്‍എസ്എസിനും കേസ് സിബിഐക്ക് വിട്ട യുഡിഎഫ് സര്‍ക്കാരിനുമെതിരെ ആഞ്ഞടിക്കാനാണ് സിപിഎം തീരുമാനം.

അതേസമയം, ജയരാജനെതിരായ നീക്കം വീണ്ടും സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ കലാശിക്കുമോ എന്ന് ഭീതിയിലാണ് സംസ്ഥാന പൊലീസ്.

Top