കതിരൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതി പിടിയില്‍

തലശേരി: കതിരൂരില്‍ ബോംബ് സ്‌ഫോടനത്തിനിടെ ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍. പൊന്ന്യം സ്വദേശി അശ്വന്താണ് പിടിയിലായത്. സി.ഒ.ടി നസീര്‍ വധശ്രമ കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. ബോംബ് നിര്‍മാണത്തിന് കാവല്‍ നിന്നയാളാണ് അശ്വന്തെന്ന് പൊലീസ് പറഞ്ഞു.

ബോംബ് നിര്‍മാണം നടത്തുന്നതിനിടെ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ് പ്രതി ചേര്‍ക്കുകയും കോടതി വെറുതെ വിടുകയും ചെയ്ത മാഹിക്കടുത്ത് അഴിയൂര്‍ കല്ലറോത്ത് രമ്യ നിവാസില്‍ രമീഷ് (32), അഴിയൂര്‍ കെ.ഒ. ഹൗസില്‍ ധീരജ് (28), പൊന്ന്യം പാലം സ്വദേശി സജൂട്ടി എന്നിവര്‍ക്കാണു പരിക്കേറ്റത്.

പൊന്ന്യം പുഴയോടു ചേര്‍ന്നുള്ള തോടിനു കുറുകെ ഏറുമാടം പോലെ പന്തല്‍കെട്ടി അതിലിരുന്നാണ് ബോംബ് നിര്‍മിച്ചത്. സ്ഫോടനം നടന്നയുടന്‍ പരിക്കേറ്റവര്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. നാടന്‍ ബോംബ് നൂലുപയോഗിച്ച് കെട്ടിമുറുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു. ആറംഗ സംഘമാണ് ബോംബ് നിര്‍മിച്ചിരുന്നത്. മൂന്നു പേര്‍ പുഴയിലൂടെ രക്ഷപ്പെടുകയായിരുന്നു.

Top