‘മകളേ, മാപ്പ്’: കത്തുവ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

കോട്ടയം: കശ്മീരിലെ കത്തുവയില്‍ എട്ടുവയസ്സുകാരിയെ ഹിന്ദുത്വതീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന് നാട് മുഴുവന്‍ ചുമരുകളില്‍ എഴുതി വച്ചതുകൊണ്ടോ, റേഡിയോയില്‍ മന്‍ കി ബാത്തിലൂടെ വിളിച്ചു പറഞ്ഞത് കൊണ്ടോ ആയില്ല, താങ്കള്‍ക്ക് മുദ്രാവാക്യം വിളിക്കുന്നവരാല്‍ ഒരു പാവം പെണ്‍കുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും ജീവിതത്തിലെ വെളിച്ചം എന്നന്നേക്കുമായി തല്ലി കെടുത്തിയ താങ്കളുടെ അനുയായികളെപ്പോലുള്ളവരെ മനുഷ്യരാക്കി മാറ്റുന്നതിനാണ് താങ്കള്‍ ആദ്യം ശ്രദ്ധ ചെലുത്തേണ്ടതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഭാര്യക്കും പേരക്കുട്ടിക്കുമൊപ്പം മെഴുകുതിരി കത്തിച്ചുപിടിച്ച ഫോട്ടോയും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

മതത്തിന്റെ പേരില്‍ ഒരു കൂട്ടം അക്രമികള്‍ ചെയ്തു കൂട്ടിയത് മതേതര ജനാധിപത്യ ഇന്ത്യയിലെ എക്കാലത്തെയും കറുത്ത അധ്യായമാണെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു. എത്ര വലിയ ശത്രുത സൂക്ഷിച്ചിരുന്നാലും നിഷ്‌കളങ്കത മാറാത്ത ഒരു എട്ടു വയസുകാരിയെ ദിവസങ്ങളോളം ഭക്ഷണം പോലും നല്‍കാതെ ഇത്തരത്തില്‍ കൊടും ക്രൂരതയ്ക്ക് വിധേയമാക്കി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുന്നത് മൃഗീയം എന്ന് വിശേഷിപ്പിച്ചാല്‍ കുറഞ്ഞു പോകും. മൃഗങ്ങള്‍ പോലും കാടിന്റെ നിയമമനുസരിച്ചേ ജീവിക്കാറുള്ളു, ഇത്തരം നിഷ്ട്ടൂരതയെ വിശേഷിപ്പിക്കാന്‍ ഇനിയും വാക്കുകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

‘പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ താങ്കളുടെ ഉപവാസസമരം നടക്കുമ്പോഴാണ് ഈ വാര്‍ത്തകള്‍ വന്നു തുടങ്ങുന്നത്. അതിനു ശേഷം മണിക്കൂറുകള്‍ പിന്നിട്ടിട്ടും താങ്കള്‍ പാലിക്കുന്ന മൗനമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോടുള്ള വെല്ലുവിളി. യൂറോപ്പിലോ അമേരിക്കയിലോ ഉള്ള താങ്കളുടെ സുഹൃത്തുക്കള്‍ക്ക് പിറന്നാള്‍ ആശംസിക്കുമ്പോഴല്ല സ്വന്തം രാജ്യത്തെ ജനങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുമ്പോള്‍, അവരെ ആശ്വസിപ്പിക്കുമ്പോള്‍ ആണ് താങ്കള്‍ ഒരു മനുഷ്യത്വമുള്ള നേതാവാകൂ’-പോസ്റ്റില്‍ പറയുന്നു.

Top