രാജ്യത്ത് ഏറ്റവും അധികം വധഭീഷണി നേരിടുന്ന എം.എല്‍.എ ആരാണെന്ന ചോദ്യത്തിന് രാഷ്ട്രീയ ഇന്ത്യ നല്‍കുന്ന മറുപടിയാണ് യൂസഫ് തരിഗാമി. ജമ്മു കാശ്മീരിലെ സി.പി.എമ്മിന്റെ സിംഹഗര്‍ജ്ജനം. കേന്ദ്ര സര്‍ക്കാര്‍ നിയമസഭ പിരിച്ചുവിട്ടുവെങ്കിലും എപ്പോള്‍ തിരഞ്ഞെടുപ്പു നടന്നാലും ഒരു ബര്‍ത്ത് ഉറപ്പിച്ച നേതാവ് കൂടിയാണ് ഈ കമ്യൂണിസ്റ്റ്.
രാഷ്ട്രീയ പ്രവര്‍ത്തനം സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നവരില്‍ നിന്നും ഒത്തു തീര്‍പ്പ് രാഷ്ട്രീയം പയറ്റുന്നവരില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് തരിഗാമി.
അനവധി തവണയാണ് ഭീകരരുടെ തോക്കുകള്‍ തരിഗാമിക്ക് മുന്നില്‍ ലക്ഷ്യം തെറ്റിയത്. മരിക്കുകയാണെങ്കില്‍ അതും ചങ്കൂറ്റത്തോടെ ആവണമെന്നാണ് ഭീഷണിയെ കുറിച്ചുള്ള ചോദ്യത്തിന് ഈ സി.പി.എം എം.എല്‍.എക്ക് പറയാനുള്ളത്.
ജമ്മു കാശ്മീര്‍ താഴ് വരയിലെ ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെട്ടാണ് തരി ഗാമി ചെങ്കൊടി കുല്‍ഗാമില്‍ പാറിപ്പിച്ചത്. 20,574 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു തകര്‍പ്പന്‍ വിജയം.
എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം എന്ന് ഉറപ്പുള്ളപ്പോഴും മരണത്തെ ഭയക്കാതെ മരണത്തിന്റെ മുഖത്ത് ചവിട്ടി നടന്നു നീങ്ങുന്ന രാജ്യത്തെ ജീവിച്ചിരിക്കുന്ന ഏക എം.എല്‍.എ ആയും തരി ഗാമിയെ വിലയിരുത്താവുന്നതാണ്.
പിരിച്ചുവിടപ്പെടുന്നതിന് മുന്‍പ് പോലും ജമ്മു നിയമസഭയില്‍ ഭരണപക്ഷമായ പി.ഡി.പി – ബി.ജെ.പി സഖ്യത്തെ വിറപ്പിച്ചും തരിഗാമി രാജ്യത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റി. 2018 അവസാനിക്കുമ്പോള്‍ അത്ര പെട്ടെന്നൊന്നും തരിഗാമിയെ മതനിരപേക്ഷ ഇന്ത്യയ്ക്ക് മറക്കാന്‍ കഴിയില്ല.
രാജ്യത്തെ ഞെട്ടിച്ച് കത്വ മേഖലയില്‍ കൊടും ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫക്ക് വേണ്ടി ആദ്യം തെരുവിലിറങ്ങിയത് ഈ സി.പി.എം നേതാവാണ്.
കശ്മീര്‍ നിയമസഭാംഗമായ തരിഗാമി നിയമസഭക്കകത്തും പുറത്തും നടത്തിയ ശക്തമായ ഇടപെടലില്‍ ഭരണപക്ഷം ശരിക്കും പ്രതിരോധത്തിലാവുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ്സിനും നാഷണല്‍ കോണ്‍ഫറന്‍സിനും തരിഗാമിയെ പിന്തുണക്കേണ്ട സാഹചര്യം ഉണ്ടായി. അങ്ങനെയാണ് ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന തോന്നിയഘട്ടത്തിലെല്ലാം ചെങ്കൊടിയുമായി തരിഗാമി കളം നിറഞ്ഞു നിന്നു. ഫെബ്രുവരി മാസത്തില്‍ നിരവധി തവണ തരിഗാമി വിഷയം നിയമസഭയില്‍ ഉന്നയിച്ചു. അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും അദ്ദേഹം തന്റെ കൃത്യമായ ഇടപെടല്‍ നടത്തി.
സംഘപരിവാറിന്റെ ഇടപെടലുകളെ പുറത്തുകൊണ്ടുവന്നതും ചെറുത്തുനിന്നതും തരിഗാമിയും സിപിഎമ്മുമായിരുന്നു.
സിപിഎം സംസ്ഥാനക്കമ്മിറ്റി വാര്‍ത്താ സമ്മേളനം വിളിച്ചതും വിഷയത്തില്‍ നിര്‍ണായകമായി. ആസിഫയുടെ നീതിക്ക് വേണ്ടി പോരാട്ടം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട പാര്‍ട്ടി സംഭവത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ രാജ്യത്തിന് മുന്നില്‍ തുറന്നുകാട്ടി.
ബിജെപി മന്ത്രിമാരുടെ പങ്ക് തുറന്നുകാട്ടാനും തരിഗാമിയുടെ നേതൃത്വത്തില്‍ സിപിഎം മുന്നിട്ടിറങ്ങി. സംസ്ഥാനത്തെങ്ങും പ്രതിഷേധം സംഘടിപ്പിക്കാനും വിഷയം ചര്‍ച്ചയാക്കാനും ശക്തമായ ഇടപെടല്‍ നടത്തി.
അന്വേഷണ സംഘത്തിനെതിരായ ഭരണപക്ഷ നീക്കങ്ങളും ഒത്തുകളിയും തരിഗാമി പൊതുജനമധ്യത്തില്‍ തുറന്നുകാട്ടി. ബാര്‍ കൗണ്‍സിലിന്റെ നിലപാടുകളെ പരസ്യമായി തള്ളിപറഞ്ഞ് ആദ്യം രംഗത്തെത്തിയതും മറ്റാരുമായിരുന്നില്ല. ഇത് പെണ്‍കുട്ടിയുടെ കുടുംബത്തിനും കശ്മീര്‍ ജനതയ്ക്കും നല്‍കിയ പ്രത്യാശ ചെറുതായിരുന്നില്ല.
8 പേര്‍ കേസില്‍ ഇത് വരെ അറസ്റ്റിലായിട്ടുണ്ട്. കനല്‍ ഒരു തരിമതി എന്ന് ആലങ്കാരികമായി പറയുന്ന കമ്യൂണിസ്റ്റുകള്‍ക്ക് ചൂണ്ടി കാണിക്കാന്‍ ഒന്നാം തരം ഒരു ഉദാഹരണമാണ് ജമ്മു താഴ്വരിലെ യൂസഫ് തരി ഗാമി എന്ന ഈ കമ്മ്യൂണിസ്റ്റ്.