ന്യൂഡല്‍ഹി: കത്തുവയില്‍ എട്ടുവയസ്സുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ വിചാരണ ജമ്മു-കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല. കുട്ടിയുടെ കുടംബത്തിന്റെ അവസ്ഥ പരിതാപകരമാണെന്നും, ഇത്തരം കേസുകളില്‍ വധശിക്ഷ നല്‍കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ സി.ബി.ഐയുടെ അന്വേഷണം ആവശ്യപ്പെടുന്നവര്‍ പൊലീസില്‍ വിശ്വാസമില്ലാത്തവരാണെന്നും, സത്യം പുറത്തുവരുന്നത് കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സ്വന്തം പാര്‍ട്ടി വേണ്ടത്ര പ്രതിഷേധം നടത്തിയില്ലെന്ന വിമര്‍ശനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. നിയമസഭയിലെ രേഖകളെടുത്ത് പരിശോധിച്ചാല്‍ അറിയാം തങ്ങള്‍ ഇക്കാര്യം ഉന്നയിച്ചിരുന്നുവെന്ന്. ബി.ജെ.പി മന്ത്രി ലാല്‍സിങ് പ്രതികളെ അനുകൂലിച്ച് നടത്തിയ റാലിയില്‍ പങ്കെടുത്തത് പാര്‍ട്ടി നിര്‍ദേശ പ്രകാരമായിരുന്നുവെന്നും ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.