കത്തുവ പീഡനകേസ് ; രണ്ട് മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : കത്തുവ പീഡനകേസില്‍ രണ്ട് മാസത്തിനകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി. കത്തുവയില്‍ നിന്ന് പ്രതികളെ എത്തിക്കുന്നതിലെ കാലതാമസം കാരണം വിചാരണ വൈകാതിരിക്കാനാണ് കോടതി ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതോടൊപ്പം പ്രതികളെ കത്തുവ ജയിലില്‍ നിന്ന് ഗുരുദാസ്പൂര്‍ ജയിലിലേക്ക് മാറ്റാനും കോടതി നിര്‍ദേശം നല്‍കി.

കേന്ദ്രത്തിന്റെയും പ്രതികളുടെയും എതിര്‍പ്പ് മറികടന്നാണ് സുപ്രീംകോടതിയുടെ പുതിയ നടപടി. കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനായിട്ടാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. കൂടാതെ കേസിന്റെ വിചാരണ ജഡ്ജിക്കും അഭിഭാഷകര്‍ക്കും ആവശ്യമായ സുരക്ഷ ഒരുക്കാന്‍ പഞ്ചാബ് സര്‍ക്കാരിനോടും, പ്രതികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ജമ്മുകശ്മീര്‍ സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കശ്മീരിലെ കത്തുവയില്‍ പീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധങ്ങള്‍ ധാരാളം ഉയര്‍ന്നിരുന്നു. ബക്കര്‍വാല്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വീടിനടുത്തു നിന്നു ജനുവരി പത്തിനാണു കാണായത്. ഒരാഴ്ചയ്ക്കുശേഷം അതേ മേഖലയില്‍ തന്നെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Top