ന്യൂഡല്‍ഹി: കത്വ, ഉന്നാവ കേസുകളില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്ത്. രണ്ട് ബലാത്സംഗക്കേസുകളിലും അന്വേഷണം ശരിയായ രീതിയിലാണ് പുരോഗമിക്കുന്നതെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും ബി.ജെ.പി വക്താവും എം.പിയുമായ മീനാക്ഷി ലേഖി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ബി.ജെ.പിയെ ലക്ഷ്യം വെച്ച് നടന്ന രണ്ട് സംഭവങ്ങള്‍ മാത്രം അമിത പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാട്ടുകയാണെന്നും, അസമിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നുവെന്നും, എന്നാല്‍ കത്വ, ഉന്നാവ സംഭവങ്ങള്‍ക്ക് ലഭിച്ച പ്രാധാന്യം ആ സംഭവത്തിന് ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു.
സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയ പരിഗണന പാടില്ലെന്നും സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും, ആറുപേര്‍ അറസ്റ്റിലായിക്കഴിഞ്ഞെന്നും, ഉന്നാവ സംഭവത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ടുകഴിഞ്ഞുവെന്നും മീനാക്ഷി ലേഖി കൂട്ടിച്ചേര്‍ത്തു.