കത്തുവ പീഡനം; പ്രതിഷേധം ശക്തമാകുന്നു; പ്രതികരിക്കാതെ മെഹബൂബ മുഫ്തി

asifa

ശ്രീനഗര്‍: കത്തുവ പീഡനക്കേസിലെ പ്രതികളെ അനുകൂലിച്ച ബിജെപി മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് പിന്തുണയുമായി കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

മന്ത്രിസ്ഥാനം രാജിവച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അവര്‍ക്കെതിരെ കേസ് അന്വേഷിക്കണമെന്നും കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു. അതേസമയം ഇതിനോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇതുവരെ തയാറായിട്ടില്ല. മന്ത്രിമാരായ ചന്ദ്രപ്രകാശ് ഗംഗയുടെയും ലാല്‍ സിങ്ങിന്റെയും രാജിക്കത്ത് ബിജെപി, ഇന്നു മുഖ്യമന്ത്രിക്കു കൈമാറും

ടൂറിസം മന്ത്രി തസ്ദാഖ് മുഫ്തിയുടെ പരാമര്‍ശത്തെക്കുറിച്ചു മുഖ്യമന്ത്രി മെഹ്ബൂബ നിലപാട് അറിയിക്കണമെന്നു സിപിഎം നേതാവ് എം.വൈ. താരിഗമി ആവശ്യപ്പെട്ടു. ഒരു തലമുറ മുഴുവന്‍ രക്തം കൊണ്ടു മറുപടി പറയേണ്ട കുറ്റകൃത്യത്തിലെ പങ്കാളികളായി പിഡിപിയും ബിജെപിയും മാറിയെന്നായിരുന്നു തസ്ദാഖ് മുഫ്തിയുടെ പരാമര്‍ശം.

അമിതമായ സൈനിക ഉപയോഗത്തിലൂടെ കശ്മീരിനെ ഒരു തടവറയാക്കി മാറ്റിയിരിക്കുകയാണെന്ന് സിപിഎം നേതാവ് താരിഗമി വ്യക്തമാക്കി. കശ്മീരിലെങ്ങും ഭരണനിര്‍വഹണത്തെക്കാള്‍ സൈന്യത്തെയാണു കൂടുതലായും കാണുന്നത്. ‘സഖ്യകക്ഷിയുടെ അജന്‍ഡ’ എന്താണെന്നു സംസ്ഥാനത്തിനു മുഴുവന്‍ അറിയാമെന്നും ലംഘിക്കപ്പെട്ട വാഗ്ദാനങ്ങളുടെ കൂമ്പാരം മാത്രമാണിതെന്നും, ഇവിടുത്തെ ജനങ്ങളുടെ ആഗ്രഹത്തിന് എതിരാണ് ഈ സര്‍ക്കാരെന്നും താരിഗമി വ്യക്തമാക്കി.

Top