കട്ടച്ചിറ പള്ളിത്തര്‍ക്കം : വര്‍ഗ്ഗീസ് മാത്യുവിന്റെ മൃതദേഹം സംസ്‌കാരിച്ചു

കായംകുളം: പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് നീണ്ടുപോയ കായംകുളം കട്ടച്ചിറയിലെ വര്‍ഗ്ഗീസ് മാത്യുവിന്റെ സംസ്‌കാരം നടത്തി. കലക്ടറുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് 10 ദിവസമായി നീണ്ടുപോയ സംസ്‌കാരം ഇന്ന് നടത്തിയത്. സഭാ തര്‍ക്കത്തെ തുടര്‍ന്നാണ് സംസ്‌കരിക്കാനാകാതെ വീട്ടിനുള്ളിലെ മൊബൈല്‍ മോര്‍ച്ചറിയില്‍ വര്‍ഗ്ഗീസ് മാത്യു (94) ന്റെ മൃതദേഹം വച്ചിരുന്നത്.

ചൊവ്വാഴ്ച രാവിലെ 7.30ന് ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍വെച്ചാണ് നടന്നത്. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം വരുന്ന പൊലീസ് സംഘത്തെ പള്ളിയുടെ പരിസരത്ത് വിന്യസിച്ചിരുന്നു. ജില്ലാ കളക്ടര്‍ എസ്. സുഹാസും കട്ടച്ചിറയില്‍ എത്തിയിരുന്നു.

ഈ മാസം മൂന്നാം തീയതിയാണ് മാത്യു മരിച്ചത്. വര്‍ഷങ്ങളായി കട്ടച്ചിറപള്ളിയുടെ അധികാരത്തിനായി യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. തര്‍ക്കം കോടതിയില്‍ എത്തുകയും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി സുപ്രീം കോടതി വിധിയുണ്ടാവുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.സഭാ തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് മാസമായി ഇവിടെ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.

Top