ഇടുക്കി : കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ പ്രതി നിതീഷിനെ തെളിവെടുപ്പിന് കാഞ്ചിയാറിലെ വീട്ടിലെത്തിച്ചു. വയോധികനെ കുഴിച്ചിട്ടതെന്ന് കരുതുന്ന വീടിന്റെ തറ പൊളിച്ച് പരിശോധന നടത്താനാണ് പോലീസ് നീക്കം. ഫോറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം മറ്റൊരു പ്രതി വിഷ്ണു വീട് വാടകയ്ക്ക് എടുത്തത് അജിത്ത് എന്ന കള്ളപ്പേരിലാണെന്ന് വീട്ടുടമ സോളി വ്യക്തമാക്കി. തനിക്ക് 17 വര്‍ഷം പരിചയമുള്ള പ്രദേശവാസികള്‍ ഇടനില നിന്നുകൊണ്ടാണ് വീട് വാടകയ്ക്ക് നല്‍കിയതെന്നും സോളി വ്യക്തമാക്കി.
പൊതു വഴിയില്‍ നിന്ന് മാറി കുറച്ച് ഉയരത്തിലാണ് സംഭവം നടന്നതെന്ന് കരുതുന്ന വീട് സ്ഥിതി ചെയ്യുന്നത്. ഏലച്ചെടികളും മരങ്ങളും ഉയരത്തില്‍ നില്‍ക്കുന്നതിനാല്‍ വീട് വ്യക്തമായി കാണാന്‍ സാധിക്കുകയില്ല. മാത്രമല്ല ഇവരെ പരിചയമില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്.
മോഷണത്തിന് പിടികൂടിയ പ്രതികള്‍ മുമ്പ് ഇരട്ടക്കൊലപാതകം നടത്തിയിരുന്നുവെന്ന് കണ്ടെത്തുന്നത് പോലീസിന്റെ വിദഗ്ധമായ അന്വേഷണത്തിലാണ്. നവജാതശിശുവിനെയും പ്രായമായ ആളെയും കൊലപ്പെടുത്തിയെന്ന് പ്രതികളിലൊരാളായ പുത്തന്‍പുരയ്ക്കല്‍ നിതീഷാണ് (രാജേഷ്-31) കുറ്റസമ്മതം നടത്തിയത്. മറ്റൊരു പ്രതിയായ കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു(29)വിന്റെ അച്ഛന്‍ വിജയനെയും സഹോദരിയുടെ കുഞ്ഞിനെയുമാണ് ഇവര്‍ കൊലപ്പെടുത്തിയത്.