കട്ടപ്പനയില്‍ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കട്ടപ്പനചന്ത അടച്ചു

ഇടുക്കി: കട്ടപ്പനയില്‍ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കട്ടപ്പന ചന്ത പൂര്‍ണമായും അടച്ചു. ചന്തയില്‍ പഴങ്ങളും പച്ചക്കറികളും എത്തിക്കുന്ന ഡ്രൈവര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചന്ത അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിടുകയായിരുന്നു.

കട്ടപ്പന മുനിസിപ്പാലിറ്റിയിലെ എട്ടാം വാര്‍ഡും, കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്നുള്ള വെട്ടിക്കുഴി കവല റോഡും കണ്ടയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു.

കട്ടപ്പനയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളിയാണെന്ന് ആരോഗ്യവകുപ്പ് പറഞ്ഞിരുന്നു. ഇയാള്‍ക്ക് 30ലധികം ആളുകളുമായി പ്രാഥമിക സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. ഇടുക്കിയില്‍ ഇന്ന് രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇന്ന് 118 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

Top