കട്ടപ്പന ഇരട്ടക്കൊലപാതകം: നവജാത ശിശുവിന്റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ ഇന്നും തുടരും

കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ നവജാത ശിശുവിന്റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ ഇന്നും തുടരും. 2016ല്‍ സാഗര ജംഗ്ഷനിലെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെ തൊഴുത്തില്‍ കുഴിച്ചുമൂടി എന്നാണ് പ്രതികളുടെ മൊഴി. കുഞ്ഞിന്റെ മൃതദേഹത്തിനായി ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു.

കക്കാട്ടുകടയിലെ വീട്ടില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡിഎന്‍എ പരിശോധനാ ഫലം വന്നതിന് ശേഷമെ മൃതദേഹം വിജയന്റേതു തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാകൂ.

ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് 2016ല്‍ നിതീഷും വിജയനും അടക്കം ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയ നവജാത ശിശുവിന്റെ മൃതദേഹത്തിനായി കട്ടപ്പന സാഗര ജംഗ്ഷനിലെ വീടിനു സമീപമുള്ള തൊഴുത്തിന്റെ തറകുഴിച്ചുള്ള പരിശോധന ആരംഭിച്ചത്. രണ്ടരമണിക്കൂറോളം പരിശോധന നടത്തിയെങ്കിലും മൃതദേഹത്തിന്റേതായ അവശിഷ്ടങ്ങള്‍ ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് വീണ്ടും തിരച്ചില്‍ തുടരുമെന്നും മറ്റു പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും ഇടുക്കി എസ്പി വിഷ്ണു പ്രദീപ് പറഞ്ഞു. കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമ, മകന്‍ വിഷ്ണു എന്നിവരെ പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്യും ഇതിനുശേഷമാകും അറസ്റ്റ് ഉണ്ടാവുക.

Top