കവളപ്പാറ പുനരധിവാസ പ്രവര്‍ത്തനം തൃപ്തികരമല്ല; ഹൈക്കോടതി

കൊച്ചി: കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് ഹൈക്കോടതി. ദുരന്ത ഭൂമി പഴയ നിലയിലെത്തിക്കാൻ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ഈ അനാസ്ഥ ഇനിയും കണ്ടുനില്‍ക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.

നിരവധി പേര്‍ മരിക്കുകയും ഏക്കര്‍കണക്കിന് ഭൂമി അന്യാധീനപ്പെടുകയും ചെയ്ത കവളപ്പാറ ദുരന്തത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കാണിച്ചുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

ദുരന്ത ഭൂമി പഴയ നിലയിലാക്കാനായി കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നില്ലെന്ന് വിലയിരുത്തിയ കോടതി മൂന്ന് ചോദ്യങ്ങളും സര്‍ക്കാരിനോടായി ആരാഞ്ഞു. ദുരന്തഭൂമി പഴയ നിലയിലാക്കാന്‍ ഇതുവരെ എന്തുചെയ്തുവെന്നും ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളുടെ പുനരധിവാസത്തിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും ഭൂമി പഴയനിലയിലാക്കാന്‍ കഴിയില്ലെങ്കില്‍ എന്തുചെയ്യാന്‍ സാധിക്കുമെന്നുമാണ് കോടതിയുടെ ചോദ്യം.

അടുത്ത ദിവസം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഉള്‍പ്പെടെ കവളപ്പാറയിലെ പുനരധിവാസ നടപടികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സമര്‍പ്പിക്കണം. കേസില്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഹൈക്കോടതി കക്ഷിചേര്‍ക്കുകയും ചെയ്തു

Top