നിലമ്പൂര്‍: കവളപ്പാറ ഉരുള്‍പൊട്ടലിന് ഒരാണ്ട് പൂര്‍ത്തിയാകുന്നു. 59 പേരുടെ ജീവനാണ് കവളപ്പാറ ദുരന്തത്തില്‍ നഷ്ടമായത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനാണ് നിലമ്പൂര്‍ പോത്തുകല്ലിനടുത്ത് കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ദിവസങ്ങളോളം നീണ്ടുനിന്ന നിര്‍ത്താതെ പെയ്ത മഴയ്ക്കൊടുവിലാണ് കവളപ്പാറ മല ഒരുഗ്രാമത്തിന്റെയൊന്നാകെ മൂടിയത്. ഉരുള്‍പൊട്ടലിനോടൊപ്പം ചാലിയാര്‍ നദി കരവവിഞ്ഞൊഴുകി മലയോര മേഖലയായ നിലമ്പൂരിലൊന്നാകെ വെള്ളത്തില്‍ മുങ്ങിയിരുന്നു.
രണ്ട് ദിവസമായി നിലമ്പൂരില്‍ കനത്ത മഴ തുടരുകയാണ്. ചാലിയാറില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് നിലമ്പൂര്‍ പട്ടണത്തില്‍ വെള്ളം പൊങ്ങി. ഇതോടെ ഗൂഡല്ലൂരിലേക്കുള്ള സംസ്ഥാന പാതയിലെ ഗതാഗതം തടസപ്പെട്ടിരുന്നു. നിലവില്‍ നഗരത്തില്‍ നിന്ന് വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.