പുത്തുമല, കവളപ്പാറ ദുരന്തങ്ങള്‍ക്ക് ഇന്ന് രണ്ടാണ്ട്

വയനാട്: 76 പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ, പുത്തുമല ദുരന്തങ്ങള്‍ നടന്നിട്ട് ഇന്ന് രണ്ടാണ്ട്. പ്രളയം സമാനതകളില്ലാത്ത ദുരന്തം വിതച്ചുപോയ പുത്തുമലയിലും കവളപ്പാറയിലും ശേഷിച്ച മനുഷ്യരുടെ പുനരധിവാസം ഇനിയും പൂര്‍ത്തിയായിട്ടില്ല. 2019 ഓഗസ്റ്റ് 8 ന് വൈകിട്ട് ആര്‍ത്തലച്ച് പെയ്ത ഒരു മഴയിലാണ് വയനാട് പുത്തുമലയില്‍ 17 ജീവനുകള്‍ നഷ്ടമായ ദുരന്തം ഉണ്ടായത്.

58 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നു. അതേ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തത്തിന് നിലമ്പൂരിന് അടുത്ത കവളപ്പാറയെന്ന ഗ്രാമം സാക്ഷിയായത്. 59 പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട് തികയുകയാണ്.

മൊബൈല്‍ ടവറുകളും വൈദ്യുതി പോസ്റ്റുകളും തകര്‍ന്നതിനാല്‍ കവളപ്പാറയിലെ ദുരന്ത വാര്‍ത്ത പുറത്തെത്താന്‍ ഏറെ വൈകി. 12 മണിക്കൂറിന് ശേഷമാണ് സംസ്ഥാനത്തെ ഞെട്ടിച്ച ദുരന്തവാര്‍ത്ത പുറം ലോകമറിഞ്ഞത്. ദുരന്തം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കവളപ്പാറയിലെ പുനരധിവാസ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് ആദ്യ വാരം മുഴുവനും നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു.

ആഗസ്റ്റ് എട്ടിന് വൈകുന്നേരം മഴയും ഒപ്പം ഇരുട്ടും കനത്തു. മഴത്തണുപ്പില്‍ ആധിയോടെ കേരളം കിടന്നുറങ്ങിയപ്പോള്‍ നിലമ്പൂരിനടുത്ത് കവളപ്പാറയില്‍ മുത്തപ്പന്‍ കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞ് 42 വീടുകള്‍ മണ്ണിനടിയില്‍ പെട്ടു. മഴയിലും മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും വൈദ്യുതി ലൈനുകളും മൊബൈല്‍ ടവറുകളും നിലം പൊത്തിയപ്പോള്‍ പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ സംവിധാനങ്ങളും നിലച്ചു.

ദുരന്തം നടന്ന് 12 മണിക്കൂറോളം പുറം ലോകം ഒരു വിവരവുമറിഞ്ഞില്ല. 59 പേരാണ് ദുരന്തത്തിനിരയായത്. 11 പേരെ ഇന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നത് ദുരന്തത്തിന്റെ വ്യാപ്തി എത്രമാത്രം വലുതായിരുന്നു എന്ന് വ്യക്തമാക്കുന്നു. ദുരന്തത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവര്‍ ഇന്നും ആ ഓര്‍മകളില്‍ നിന്ന് മുക്തരായിട്ടില്ല.

 

Top