‘മായാത്ത വേദനയായി അവര്‍ മനസ്സിലുണ്ടാകും’: തെരച്ചില്‍ അവസാനിപ്പിച്ച് ഫയര്‍ഫോഴ്‌സ് സംഘം

മലപ്പുറം: കണ്ണീരിടങ്ങാത്ത കവളപ്പാറയില്‍നിന്നും കേരള ഫയര്‍ഫോഴ്‌സ് മടങ്ങുന്നു.18 ദിവസത്തെ തിരച്ചിലിനൊടുവില്‍ മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകള്‍ മനസ്സില്‍ തുടിക്കുമെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചുകൊണ്ടായിരുന്നു ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ പിരിഞ്ഞത്.

കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ് എന്ന ഫേസ്ബുക്ക് പേജിലാണ് കവളപ്പാറയില്‍ നിന്നും മടങ്ങുന്ന ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ ചിത്രമുള്‍പ്പെടെ കുറിപ്പ് പങ്കുവെച്ചത്. മണ്ണിടിഞ്ഞ മുത്തപ്പന്‍കുന്നിന് അഭിമുഖമായി നിന്ന് മലപ്പുറം ജില്ലാ ഫയര്‍ ഓഫീസര്‍ മൂസാ വടക്കേതിലിന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ യാത്രാമൊഴി നല്‍കി.

ആഗസ്റ്റ് ഒന്‍പതിന് തുടങ്ങിയ തെരച്ചിലില്‍ ഇതുവരെ 48 മൃതദേഹങ്ങള്‍ കണ്ടെത്തി. പതിനൊന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. എന്നാല്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലും ഒരു മൃതദേഹം പോലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പ്രദേശത്തെ മണ്ണുമൂടിയ ഭാഗങ്ങളിലെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന്‌
ബന്ധുക്കളുടെ സമ്മതപ്രകാരമാണ് ഫയര്‍ഫോഴ്‌സ് തെരച്ചില്‍ അവസാനിപ്പിച്ചത്‌.

കേരള ഫര്‍ഫോഴ്സിന്റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം…

ഞങ്ങൾമടങ്ങുന്നു…
തീരാത്ത വേദനയായി മനസ്സിൽ നിങ്ങളുണ്ടാവും കണ്ണീർപ്രണാമം……

മനുഷ്യപ്രയത്നങ്ങൾക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങൾക്ക് മുന്നിൽ മനുഷ്യൻ എത്ര നിസ്സഹായർ!
അൻപത്തൊമ്പത് പേരുടെ സ്വപ്നങ്ങൾക്ക് മേൽ ഒരു നിമിഷം കൊണ്ട് പെയ്തിറങ്ങിയ അശനിപാതം.
കവളപ്പാറ ദുരന്തം….
പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഞങ്ങൾ മടങ്ങുകയാണ്…..
ഹതഭാഗ്യരായ അൻപത്തിഒൻപത് പേരിൽ നാൽപ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിൻെറ മാറിലേക്ക് തന്നെ തിരികെ നൽകാനായി
എന്ന ചാരിതാർത്ഥ്യത്തോടെ,
മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകൾ മനസ്സിൽ തുടികൊട്ടുന്നു.
ഇമ്പിപ്പാലൻ, സുബ്രമഹ്ണ്യൻ, ജിഷ്ണ, സുനിത ശ്രീലക്ഷ്മി, ശ്യാം ,കാർത്തിക് ,കമൽ, സുജിത്, ശാന്തകുമാരി, പെരകൻ

മുത്തപ്പൻ കുന്നിടിഞ്ഞ് വീണ നാൽപ്പതടിയോളമുള്ള മണ്ണിൻെറ ആഴങ്ങളിലല്ല, ഞങ്ങൾ രക്ഷാപ്രവർത്തകരുടെ മനസ്സിൻെറ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങൾ തിളങ്ങി നിൽക്കും !
ഞങ്ങളുടെ പാo പുസ്തകളിൽ നിന്നും പ്രകൃതി കീറിയെടുത്ത പാOങ്ങളുടെ പ്രതീകമെന്നോണം!

പതിനെട്ട് ദിവസങ്ങളായി കവളപ്പാറയിൽ ഒരു മനസ്സോടെ പ്രവർത്തിച്ച രക്ഷാപ്രവർത്തകരുടെ
കണ്ണീർ പ്രണാമം…..

Top