മലപ്പുറം: നിലമ്പൂരിലെ കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 24 ആയി.
ഇന്ന് രാവിലെ കവളപ്പാറയില്‍ കനത്തമഴയെ തുടര്‍ന്ന് തെരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. മണ്ണിടിച്ചില്‍ സാധ്യത മുന്‍നിര്‍ത്തിയായിരുന്നു തീരുമാനം. ഇപ്പോള്‍ രക്ഷാദൗത്യം വീണ്ടും പുനരാരംഭിച്ചു. വലിയ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. മണ്ണിനടിയില്‍ വീടുകള്‍ ഉണ്ടെന്ന് കരുതുന്ന ഭാഗങ്ങളിലും, കവളപ്പാറ റോഡിനോട് ചേര്‍ന്ന ഭാഗങ്ങളിലുമാണ് പരിശോധന നടക്കുന്നത്. മിക്ക വീടുകളും ഇരുനൂറ് മീറ്ററിലേറെ ദൂരത്ത് കവളപ്പാറ റോഡിന് സമീപത്തായാണ് വന്നടിഞ്ഞിട്ടുള്ളത്.
ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇനി 35 പേരെയാണ് കണ്ടെത്തേണ്ടത്. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്.
63 പേരെ കവളപ്പാറയില്‍ കാണാതായിട്ടുണ്ടെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ആദ്യ കണക്ക്. എന്നാല്‍ ഇവരില്‍ നാല് പേര്‍ ബന്ധുവീടുകളില്‍ അഭയം തേടിയിരുന്നുവെന്ന് കണ്ടെത്തി. ഇതോടെയാണ് കാണാതായവരുടെ പട്ടിക 59 ആയി ചുരുങ്ങിയത്.