ഡല്‍ഹി: ഇരുപതു വര്‍ഷമായി നീണ്ടു നില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറഞ്ഞേക്കും. നാലാഴ്ചയ്ക്കകം വിധി പറയുമെന്ന് കഴിഞ്ഞമാസം ജനുവരി ഒമ്പതിന് കോടതി വ്യക്തമാക്കിയിരുന്നു.
കാവേരി നദീജല തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ (സി.ഡബ്ല്യു.ഡി.ടി.) 2007-ലെ വിധിക്കെതിരെ മൂന്നു സംസ്ഥാനങ്ങളും നല്‍കിയ അപ്പീലിലാണ് വിധി പറയുന്നത്. കര്‍ണാടകം, തമിഴ്‌നാട്, കേരളം എന്നിവരുടെ വാദങ്ങള്‍ കേട്ടശേഷമാണ് കേസ് വിധി പറയാന്‍ മാറ്റിയത്.
ഇതു കണക്കിലെടുത്ത് കാവേരി നദീതട ജില്ലകളിലും തമിഴ്‌നാട് അതിര്‍ത്തി ജില്ലകളിലും കര്‍ണാടകം സുരക്ഷ ശക്തമാക്കി. വിധിവരുന്നതോടെ കാവേരി നദീജലതര്‍ക്കം വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതു കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്.
2007-ലെ കാവേരി ട്രിബ്യൂണല്‍ ഉത്തരവിനെതിരെയാണ് കര്‍ണാടകം സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തരവനുസരിച്ച് 419 ടി.എം.സി. അടി വെള്ളം തമിഴ്‌നാടിനും 270 ടി.എം.സി. അടി വെള്ളം കര്‍ണാടകത്തിനും 30 ടി.എം.സി. അടിവെള്ളം കേരളത്തിനും ലഭിക്കണം. ഈ ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരണം സംബന്ധിച്ച കാര്യത്തിലും തീരുമാനമുണ്ടായേക്കും. ബോര്‍ഡ് രൂപവത്കരണത്തെ കര്‍ണാടകം എതിര്‍ക്കുകയാണ്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് നിലവില്‍വന്നാല്‍ അണക്കെട്ടുകളുടെ അധികാരം ബോര്‍ഡിനായിരിക്കും.അതുകൊണ്ടു തന്നെ അണക്കെട്ടില്‍നിന്ന് വെള്ളം നല്‍കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അധികാരവും ബോര്‍ഡിനായിരിക്കും. ഇതാണ് ബോര്‍ഡ് രൂപവത്കരണത്തെ കര്‍ണാടകം എതിര്‍ക്കുന്നത്.
കാവേരി നദിയില്‍ നാല് അണക്കെട്ടുകളുണ്ട്. നദീതടത്തിലെ നാല് അണക്കെട്ടുകളില്‍ ശേഷിക്കുന്നത് 17 ടി.എം.സി. അടി വെള്ളം മാത്രമാണെന്ന് കര്‍ണാടക ജലവിഭവ അധികൃതര്‍ അറിയിച്ചു. പരമാവധി ജലസംഭരണശേഷി 106 ടി.എം.സി. അടിയാണ്. ഈ സാഹചര്യത്തില്‍ വെള്ളം നല്‍കാനാവില്ലെന്നാണ് കര്‍ണാടകത്തിന്റെ നിലപാട്.