കൊച്ചി: സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തിപെടുത്തിയവര്‍ക്കെതിരെ നടി കാവ്യ മാധവന്‍ പരാതി നല്‍കി. എറണാകുളം റേഞ്ച് ഐജിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ അപകീര്‍ത്തിപ്പെടുത്തുന്നതായും ഇകൊമേഴ്‌സ് സംരംഭമായ ലക്ഷ്യയെ അധിക്ഷേപിക്കുന്നതുമായി പരാതിയില്‍ പറയുന്നുണ്ട്.
ദിലീപ് കാവ്യ വിവാഹശേഷം ഓണ്‍ലൈനുകളില്‍ ട്രോളുകളുടെ പെരുമഴയായിരുന്നു. കാവ്യയെ ലൈംഗികമായി അധിക്ഷേപിക്കുന്ന ട്രോളുകള്‍ വരെ ഇറങ്ങിക്കിയിരുന്നു. ഇതോടെയാണ് കാവ്യ പരാതി നല്‍കിയത്.
വ്യവസായത്തേയും വ്യക്തി ജീവിതത്തേയും ഒരുപോലെ തകര്‍ക്കുന്ന രീതിയില്‍ ഓണ്‍ലൈന്‍ അധിക്ഷേപം നടത്തിയെന്നാണ് ഐജിക്കു നല്‍കിയ പരാതിയിലുള്ളത്. കൊച്ചി സിറ്റി പൊലീസിലെ വനിതാ സിഐ കാവ്യയെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പരാതിയില്‍ പറയുന്ന കാര്യങ്ങളെ കുറിച്ച് സിഐ വിശദമായി ചോദിച്ചറിഞ്ഞു.
കാവ്യയുടെ ഇകൊമേഴ്‌സ് സംരംഭമായ ലക്ഷ്യയുടെ ഫേസ്ബുക്ക് പേജില്‍ നിരവധി ആളുകള്‍ അശ്ലീല ചുവയുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ചില വ്യക്തികള്‍ക്കെതിരെയാണ് നിലവില്‍ പരാതി നല്‍കിയിരിക്കുന്നത്.
വിവാഹവുമായി ബന്ധമില്ലാത്ത പോസ്റ്റുകള്‍ക്കു താഴെ പോലും അസഭ്യ പരാമര്‍ശം നടത്തിയതായി കാവ്യ പരാതിപ്പെട്ടു. ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യരേയും കാവ്യയേയും താരതമ്യം ചെയ്യുന്ന പോസ്റ്റുകള്‍ മാനഹാനി ഉണ്ടാക്കിയതായും പരാതിയില്‍ പറയുന്നു
കാവ്യ മാധവനും ദിലീപും വിവാഹിതരായ ശേഷം പലതരം അധിക്ഷേപ പരാമര്‍ശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പരന്നിരുന്നു. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് വ്യക്തിഹത്യ നടത്തുന്ന തരത്തിലേക്കു വരെ ഇത്തരം പരാമര്‍ശങ്ങള്‍ നീണ്ടു. അശ്ലീലചുവയുള്ള പോസ്റ്റുകളായിരുന്നു എല്ലാം. ദിലീപിനെയും കാവ്യയെയും അപമാനിച്ച് കെപിസിസി വക്താവ് പന്തളം സുധാകരന്റെ പോസ്റ്റും വിവാദമായിരുന്നു.
‘ദിലീപിനും കാവ്യയ്ക്കും മംഗളാശംസകള്‍. ഇനി, കള്ളപ്പണമെന്ന് ആരും പറയില്ലല്ലോ?’ എന്നായിരുന്നു സുധാകരന്റെ പോസ്റ്റ്. പ്രതിഷേധം ശക്തമായതോടെ സുധാകരന്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു.
ഇതാദ്യമായല്ല സോഷ്യല്‍ മീഡിയവഴി അപകീര്‍ത്തിപ്പെടുത്തിയതിനെതിരേ കാവ്യ പരാതിപ്പെടുന്നത്. വ്യാജ ഫേസ്ബുക്ക് പേജ് തുടങ്ങിയവര്‍ക്കെതിരേയും വ്യാജ വിവാഹവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേയും നടി നേരത്തേ പരാതി നല്‍കിയിരുന്നു.