കാവ്യമാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി; അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാവ്യ

കൊച്ചി: നടി കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷ നൽകി.നടിയെ ആക്രമിച്ച കേസിലാണ് മുന്‍ കൂര്‍ ജാമ്യാപേക്ഷ നൽകിയത്.

ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്‍പിള്ള തന്നെയാണ് കാവ്യയുടെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാവ്യ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കാവ്യയുടെ ഡ്രൈവറാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നും കേസിലില്ലാത്ത മാഡത്തെ കൊണ്ടുവരാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

പള്‍സര്‍ സുനിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് തന്നെ കേസിലുള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. കേസില്‍ ബന്ധമില്ലാത്ത തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നു. പോലീസ് നിരവധി തവണ ഫോണില്‍ വിളിച്ചുവെന്നും പോലീസ് പല തരത്തിലുള്ള കഥകള്‍ സൃഷ്ടിക്കുകയും തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നതെന്നും ജാമ്യാപേക്ഷയില്‍ കാവ്യ ആരോപിക്കുന്നു.

തിങ്കളാഴ്ച്ചയാണ് കാവ്യയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് നടിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് കിട്ടിയിരുന്നു.

കേസിലെ മാഡം കാവ്യയാണെന്നും എന്നാല്‍ ഗൂഢാലോചനയില്‍ കാവ്യയ്ക്ക് പങ്കില്ലെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു.

നിരവധി തവണ കാവ്യയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും സുനി വ്യക്തമാക്കിയിരുന്നു.

ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

രാവിലെ 11മണിക്ക് ജാമ്യാപേക്ഷ പരിഗണിക്കാനാണ് കോടതി ആദ്യം തീരുമാനിച്ചിരുന്നത്. പ്രോസിക്യൂട്ടര്‍ക്ക് അസൗകര്യം ഉള്ളതിനാലാണ് വാദം മാറ്റിയത്.

Top