കാവ്യ മാധവനെ ആലുവയിലെ ദിലീപിന്റെ വീട്ടിൽവെച്ച് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിൽ വെച്ചാണ് ചോദ്യം ചെയ്യൽ. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യാനാണ് കാവ്യയ്ക്ക് ആദ്യം നോട്ടിസ് നൽകിയിരുന്നത്. എന്നാൽ, ചെന്നൈയിലുള്ള താൻ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂവെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണ സംഘത്തോട് അപേക്ഷിച്ചിരുന്നു.

ഇതേത്തുടർന്നാണ് ചോദ്യംചെയ്യൽ ഇന്നത്തേക്കു മാറ്റിയത്. പൊലീസ് ക്ലബ്ബിൽ എത്താനായിരുന്നു കാവ്യയോട് അന്വേഷണ സംഘം നിർദേശിച്ചത്. എന്നാൽ, വീട്ടിൽവെച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യയുടെ ആവശ്യം. തുടർന്ന് അന്വേഷണ സംഘം യോഗം ചേർന്ന് നിയമോപദേശം തേടി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ വീട്ടിൽവച്ച് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവർക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള നോട്ടീസ് അനൂപിന്റെയും സുരാജിന്റെയും വീടിനു മുന്നിൽ പതിപ്പിച്ചു. പലതവണ വിളിച്ചിട്ടും ഇരുവരും ഫോൺ എടുക്കാത്തിനെ തുടർന്നാണ് അന്വേഷണ സംഘത്തിന്റെ നടപടി.

Top