കവാസാക്കി നിഞ്ച ZX6R എന്ന സ്‌പോര്‍ട്‌സ് ബൈക്കിന്റെ ബുക്കിങ് ആരംഭിച്ചു. 1.5 ലക്ഷം രൂപ അടച്ചാണ് നിഞ്ച ZX6R ബുക്ക് ചെയ്യേണ്ടത്. ഈ മാസം 30 വരെ ബുക്കിങ് സ്വീകരിക്കാനാണ് ഡീലര്‍ഷിപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ഈ ബൈക്ക് വിപണിയിലെത്തും.
അലുമിനിയം ഫ്രെയിമില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന നിഞ്ച ZX6Rന് 2085 എംഎം നീളവും, 706 എംഎം വീതിയും 1115 എംഎം ഉയരവും നല്‍കിയിട്ടുണ്ട്. 194 കിലോയാണ് ഈ ബൈക്കിന്റെ ഭാരം. മുന്നില്‍ ഇരട്ട ഡിസ്‌കും പിന്നില്‍ ഒരു ഡിസ്‌കുമുള്ള ബ്രേക്കിങ് സംവിധാനമാണ് നിഞ്ചയിലുള്ളത്. ഇതിന് പുറമെ, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, കവാസാക്കി ക്വിക്ക് ഷിഫ്റ്റര്‍ സംവിധാനവുമാണ് ഇതില്‍ സുരക്ഷയൊരുക്കുന്നത്.
ട്വിന്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, സ്പ്ലിറ്റ് സീറ്റ്, ഡിജിറ്റല്‍, അനലോഗ് മീറ്ററുകളുള്ള ഇന്‍സ്ട്രുമെന്റല്‍ ക്ലെസ്റ്റര്‍, ഗ്രാഫിക്‌സ് ഡിസൈന്‍ നല്‍കിയിട്ടുള്ള സൈഡ് മാസ്‌കുകള്‍ എന്നിവയാണ് പ്രധാന വിശേഷങ്ങള്‍. നാല് സിലണ്ടര്‍ ലിക്വിഡ് കൂള്‍ എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. ഇത് 636 സിസിയില്‍ 129 ബിഎച്ച്പി പവറും 71 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്.