കായംകുളം കൊച്ചുണ്ണിയിലെ മൂന്ന് മികച്ച കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടു. കളരിഗുരുവായ തങ്ങള്‍, കൊച്ചുണ്ണിയുടെ ചങ്ങാതിയായ കൊച്ചുപിള്ള, ബ്രിട്ടീഷ് ഇന്ത്യന്‍ പോലീസ് ഓഫീസറായ കേശവന് എന്നീ കഥാപാത്രങ്ങളായി ബാബു ആന്റണി, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍
എന്നിവരാണ് എത്തുന്നത്. ഇതുവരെയുള്ള കരിയറില്‍ നിന്ന് വളരെ വ്യത്യസ്തമായ ഈ വേഷങ്ങള്‍ ഇവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥയാണ് ചിത്ര പശ്ചാത്തലം. കൊച്ചുണ്ണിയുടെ കഥയില്‍ പലയിടത്തും എങ്ങനെ എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ചിത്രം. കള്ളനാകുന്നതിന് മുമ്പുള്ള കൊച്ചുണ്ണിയുടെ കഥയും അതിജീവന ശ്രമങ്ങളും, പ്രണയവും മറ്റുമാണ് ചിത്രം വരച്ചുകാട്ടുന്നത്. മോസ്റ്റ് ഡെയിഞ്ചറസ് മാന്‍ എന്ന സബ് ടൈറ്റിലോടെയാണ് ചിത്രം പുറത്തിറങ്ങുക.
നിവിന്‍പോളിയുടെ കരിയറിലെ ഏറ്റവും കൂടുല്‍ മുതല്‍മുടക്കുള്ള ചിത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 18 സംഘട്ടന രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. 30 കോടിയിലേറേ ബജറ്റില്‍ ഗോകുലം ഗോപാലന് നിര്‍മിക്കുന്ന ചിത്രത്തിനായി ഏറെ ക്ഷമയും അര്‍പ്പണ മനോഭാവവും നിവിന്‍ പോളി പ്രകടമാക്കി.
ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രദാന്റെ ആദ്യ മലയാള ചിത്രമായ കൊച്ചുണ്ണിക്ക് വേണ്ടി ഗോപി സുന്ദറാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് 161 ദിവസങ്ങളെടുത്താണ് പൂര്‍ത്തിയാക്കിയത്. ശ്രീലങ്കയിലും ഗോവയിലും മംഗലാപുരത്തുമായുമെല്ലാമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും.