കണ്ണൂര്‍: കാസര്‍ഗോഡ് – കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട പാതയാണ് കയ്യൂര്‍ – ചെമ്പക്കാണം – പാലക്കുന്ന് റോഡ്. പ്രധാനപ്പെട്ട ഈ ജില്ലാ റോഡ് ഇപ്പോള്‍ അതിന്റെ ശോചനീയാവസ്ഥകള്‍ പരിഹരിച്ച് പുതുമോടി കൈവരിച്ചിരിക്കുകയാണ്. അവസാന ഘട്ട പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
12 കിലോമീറ്ററോളം വരുന്ന റോഡ് വീതികൂട്ടി ആധുനിക നിലവാരത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 10 മീറ്റര്‍ വീതിയില്‍ റോഡ് പണിയുന്നതിന് പ്രദേശത്തെ ജനങ്ങള്‍ സൗജന്യമായാണ് ഭൂമി വിട്ടുനല്‍കിയത് എന്നത് ഏറെ മാതൃകാപരമായിരുന്നു.
ഉത്തരമലബാറിനെ സംബന്ധിച്ച് ഒരു പ്രധാന പാതയാണിത്. മലബാറിന്റെ സാമൂഹ്യ മുന്നേറ്റ ചരിത്രത്തിലെ വീറുറ്റ അധ്യായമാണ് കയ്യൂരും കരിവെള്ളൂരും.
ചരിത്രപ്രധാനമായ ഈ രണ്ട് സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന റോഡെന്ന പ്രധാന്യം കൂടി ഈ പാതയ്ക്കുണ്ട്. ദേശീയപാതയുടെ ലിങ്ക് റോഡായും ഇതിനെ ഉപയോഗിക്കാം.
സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.