തിരുവനന്തപുരം: മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ സിനിമാ താരം എന്ന നിലയില്‍ സിനിമ വകുപ്പ് കൂടി കിട്ടിയാല്‍ സന്തോഷമെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാര്‍. എന്നാല്‍ സിനിമ വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടില്ല. കേരളത്തിലെ സിനിമ മേഖലക്കും തിയറ്ററുകളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നത് മുന്‍പ് ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ്. ഗതാഗത വകുപ്പ് തന്നെയാകും ലഭിക്കുകയെന്നാണ് കരുതുന്നു. മന്ത്രിയായാല്‍ കെഎസ്ആര്‍ടിസിയില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ പറയുന്നതില്‍ കാര്യമുണ്ട്. എല്ലാവരും സഹകരിച്ചാല്‍ കെഎസ്ആര്‍ടിസിയെ വിജയിപ്പിക്കാം. ഗ്രാമീണ മേഖലയില്‍ ബസുകള്‍ കൂടുതലായി ഇറക്കും. അത് വലിയ മാറ്റമാകും. കെ എസ് ആര്‍ ടി സിയെ സിസ്റ്റമാറ്റിക്ക് ആക്കി മാറ്റണം. തുടര്‍ച്ച ഉണ്ടാകണം. കോര്‍പറേഷനെ സ്വയം പര്യാപ്തതയില്‍ എത്തിക്കുക എളുപ്പമല്ല. എന്നാല്‍ തൊഴിലാളി ദ്രോഹ നടപടികളൊന്നും ഉണ്ടാകില്ലെന്നും നിയുക്ത മന്ത്രി വ്യക്തമാക്കി.
എന്തിനെയും എതിര്‍ക്കുക പ്രതിപക്ഷത്തിന്റെ ജോലിയെന്ന് ചിലര്‍ ധരിച്ചു വച്ചിരിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷം ഉയര്‍ത്തുന്ന പല കാര്യങ്ങളും ആരോപണങ്ങള്‍ മാത്രമായി അവസാനിക്കുന്നു. കഴമ്പുള്ള കാര്യങ്ങളൊന്നും പ്രതിപക്ഷത്തില്‍ നിന്നുണ്ടാകുന്നില്ല. സഹകരിക്കേണ്ടിടത്ത് പ്രതിപക്ഷം സഹകരിക്കണം. ഇപ്പോഴത്തെ സമരങ്ങള്‍ എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം നവകേരള സദസിനെതിരായ സമരങ്ങള്‍ എന്തിനെന്ന് വ്യക്തമല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയിലാണ് സത്യപ്രതിഞ്ജ ചടങ്ങ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. സര്‍ക്കാരുമായുള്ള രൂക്ഷമായ പോര് തുടരുന്നതിനിടെയാണ് ഗവര്‍ണറും മുഖ്യമന്ത്രിയും ഒരേ വേദിയില്‍ എത്തുന്നത്. ഗണേഷിന് ഗതാഗതവകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നല്‍കുമെന്നുമാണ് വിവരം.
എല്‍ഡിഎഫിലെ ഘടക കക്ഷികള്‍ക്കെല്ലാം മന്ത്രിസഭയില്‍ പ്രാതിനിധ്യമെന്ന ഇടത് മുന്നണിയുടെ മുന്‍ ധാരണപ്രകാരമാണ് മന്ത്രിസ്ഥാനത്ത് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജി വെച്ചത്. പകരം കേരള കോണ്‍ഗ്രസ് ബിയുടെ കെബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം ടേമില്‍ ഇന്ന് മന്ത്രി പദത്തിലേക്ക് എത്തും. വൈകുന്നേരം നാല് മണിക്ക് രാജ്ഭവനില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക പന്തലിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.