kc joseph – justice alexander thomas

കൊച്ചി: ഹൈക്കോടതി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ ‘ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍’ എന്നു വിശേഷിപ്പിച്ച കോടതിയലക്ഷ്യ കേസില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് ഹൈക്കോടതിയില്‍ ഹാജരാവില്ല. താന്‍ നടത്തിയ പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി ചൂണ്ടിക്കാട്ടി മന്ത്രിയുടെ അഭിഭാഷകന്‍ കോടതിയില്‍ മാപ്പപേക്ഷ നല്‍കി.

ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ വിമര്‍ശിച്ച് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ച പരാമര്‍ശം അടിസ്ഥാനമാക്കി വി.ശിവന്‍കുട്ടി എം.എല്‍.എ നടത്തിയ പരാതിയിലാണ് മന്ത്രിയോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

എന്നാല്‍ നിയമസഭ നടക്കുന്നതിനാല്‍ ഹാജരാവാന്‍ കഴിയില്ലെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ കോടതിയില്‍ അപേക്ഷ നല്‍കി. മാപ്പപേക്ഷ നല്‍കിയ സാഹചര്യത്തില്‍ തുടര്‍നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

സര്‍ക്കാരിന്റെ കേസുകള്‍ കാര്യക്ഷമമായി നടത്താന്‍ കഴിയുന്നില്ലെങ്കില്‍ അഡ്വക്കറ്റ് ജനറല്‍ ഓഫീസ് അടച്ചുപൂട്ടണമെന്ന് വിമര്‍ശിച്ച ഹൈക്കോടതി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. കഴിഞ്ഞ ജൂലായില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദു എന്നയാളുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് എ.ജിയുടെ ഓഫീസിനെ സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചത്.

ഹര്‍ജി പരിഗണിച്ചപ്പോള്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കൂടുതല്‍ സമയം ചോദിച്ചതാണ് വിമര്‍ശനത്തിനിടയാക്കിയത്. തുടര്‍ന്ന് സര്‍ക്കാരിന്റെ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമല്ലെന്നും എ.ജിയുടെ ഓഫീസ് അടച്ചുപൂട്ടുന്നതാണ് ഉചിതമെന്നും അലക്‌സാണ്ടര്‍ തോമസ് പറഞ്ഞു. പരാതിയില്‍ നിലപാട് അറിയിക്കാന്‍ നാലു തവണ കോടതി ആവശ്യപ്പെട്ടിട്ടും എ.ജി ഓഫീസ് മറുപടി നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു പരാമര്‍ശം.

എന്നാല്‍ ഫെയ്‌സ്ബുക്കിലൂടെ ജഡ്ജിയെ വിമര്‍ശിച്ച് മന്ത്രി രംഗത്തെത്തി. ‘കമന്റ് പറയുന്നവരുടെ പൂര്‍വകാല ചരിത്രം നോക്കിയാല്‍ അവര്‍ പറയുന്നതില്‍ അത്ഭുതപ്പെടാനില്ല. ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ അറിയാതെ ഓരിയിട്ടുപോയാല്‍ കുറ്റം പറയാനാകുമോ’ എന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് വി.ശിവന്‍കുട്ടി എം.എല്‍.എയാണ് പരാതി നല്‍കിയത്. ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, സുനില്‍ തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നത്.

Top