തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സിപിഐ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്ത് മുന്‍ മന്ത്രി കെ സി ജോസഫ് രംഗത്ത്. ചില കാര്യങ്ങള്‍ തിരുത്തണം എന്ന സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ അഭിപ്രായം സ്വാഗതാര്‍ഹമാണെന്ന് കെ സി ജോസഫ് പറഞ്ഞു. പദ്ധതി ബലം പ്രയോഗിച്ച് അടിച്ചേല്‍പ്പിക്കരുതെന്ന് സി പി ഐ പറയുമ്പോള്‍ കണ്ണുമടച്ച് പദ്ധതിയെ പിന്തുണയ്ക്കുവാന്‍ കേരള കോണ്‍ഗ്രസ്സ് (എം) തയ്യാറായത് നിര്‍ഭാഗ്യകരമാണ്. സി പി ഐയോടൊപ്പം നിന്ന് കെ റെയില്‍ പദ്ധതി വേണ്ടെന്ന് പറയാന്‍ കേരളാ കോണ്‍ഗ്രസ് എം തയ്യാറാവണമെന്നും കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങളുടെ വികാരം അവഗണിക്കരുതെന്നും കെ സി ജോസഫ് ആവശ്യപ്പെട്ടു.
അതേസമയം സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്ന എല്ലാവരും ശത്രുക്കള്‍ അല്ലെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് രാവിലെ സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു രംഗത്തെത്തിയത്. സമാധാന അന്തരീക്ഷത്തില്‍ മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂ. സമീപനം ജനങ്ങളെ ബോധ്യപ്പെടുത്തണം. എന്നിട്ടാകണം പദ്ധതി നടപ്പാക്കേണ്ടതെന്നും പ്രകാശ് ബാബു പറഞ്ഞു. ആശങ്ക അകറ്റി സ്വപ്ന പദ്ധതി എന്ന നിലയില്‍ നടപ്പാക്കണം. പൊലീസ് ഉള്‍പ്പടെയുള്ള ഉദ്യോ?ഗസ്ഥര്‍ തിരുത്തണം. സിവില്‍ ഉദ്യോഗസ്ഥര്‍ അടക്കം ശ്രദ്ധിക്കണമെന്നും പറഞ്ഞ പ്രകാശ് ബാബു, തീവ്രവാദ സ്വഭാവം ഉള്ളവര്‍ സമരത്തില്‍ ഉണ്ടെന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.