ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നു പറയാൻ നാണമുണ്ടോയെന്ന് കെ.സി. വേണുഗോപാൽ

കണ്ണൂർ : മണിപ്പൂരിലെ വർഗീയ കലാപത്തെ പറ്റി മിണ്ടാൻ 100 ദിവസമെടുത്ത നരേന്ദ്രമോദിക്ക്, ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നു പറയാൻ നാണമുണ്ടോയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ഭാരത് ജോഡോ യാത്രയുടെ വാർഷികത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘‘ഈ രാജ്യത്തെ നശിപ്പിക്കാൻ അനുവദിക്കാതിരിക്കാനാണ് ‘ഇന്ത്യ’സഖ്യത്തിലൂടെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 2024ൽ നരേന്ദ്ര മോദിയെ താഴെ ഇറക്കിയേ മതിയാകുവെന്ന മുദ്രാവാക്യത്തോടെയാണ് ‘ഇന്ത്യ’സഖ്യം രൂപികരിച്ചത്. അതിനാലാണ് ഇന്ത്യ എന്നത് മാറ്റി ‘ഭാരത്’ എന്നാക്കുന്നതിനായി രംഗത്തിറങ്ങിയത്. വെറുപ്പിന്റെ കമ്പോളം തുടരുകയെന്നതാണ് പേരുമാറ്റത്തിലൂടെ ശ്രമിക്കുന്നത്. രാഷ്ട്രീയ ദുഷ്‌ലാക്കാണ് അവരുടെ ശ്രമം. അവരുടെ ലക്ഷ്യം വിഭാഗീയതയാണ്. നരേന്ദ്ര മോദിയുടെ കപട രാഷ്ട്രീയങ്ങൾ പുറത്തുകൊണ്ടുവരും. മണിപ്പുരിൽ തമ്മിൽ തല്ലിയ ഇരുവിഭാഗങ്ങളും ഒരുപോലെ വാരിപ്പുണർന്ന നേതാവാണ് രാഹുൽ ഗാന്ധി. അതാണ് രാഷ്ട്രീയം. അതാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. എന്തെങ്കിലും വിഭാഗത്തെ പെരുപ്പിച്ച് കാണിച്ച് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുകയല്ല വേണ്ടത്. രണ്ടുപേരും നമ്മുടെ സഹോദരൻമാരാണ്. അവരെ ചേർത്തുനിർത്തുകയാണ് വേണ്ടത്. അതിനാണ് രാഹുൽ ഗാന്ധി ശ്രമിച്ചത്.

രാജ്യം ഭരിക്കുന്നവർ ജനങ്ങളെ ഒന്നിപ്പിക്കേണ്ടതിന് പകരം ഭിന്നിപ്പിക്കുകയാണ് ചെയ്തത്. അവർ കോൺഗ്രസ് വിമുക്തഭാരതം പറഞ്ഞത് രാജ്യത്തെ നന്നാക്കുന്നതിനല്ല മറിച്ചു ഭിന്നിപ്പിക്കുന്നതിനും ശിഥിലീകരിക്കുന്നതിനും അവരുടെ രാഷ്ട്രീയ അജൻഡ നടപ്പാക്കാനുമാണ്. രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാൻ കഴിയാത്തവരാണ് രാജ്യസ്‌നേഹത്തെക്കുറിച്ച് പറയുന്നത്. നരേന്ദ്ര മോദിയെ പുറത്താക്കുവാനാണ് ഭാരത് ജോഡോ യാത്ര നടത്തിയത്. ഇന്ത്യ ഒന്നിക്കും വരെ ജോഡോ യാത്ര തുടരും. ഭാരത് ജോഡോ യാത്രയ്‌ക്ക് യഥാർഥ കമ്മ്യൂണിസ്റ്റുകാരൻ രാഹുൽ ഗാന്ധിയെ മനസ്സിൽ സല്യൂട്ട് ചെയ്യുന്നുണ്ടായിരുന്നു എന്നതാണ് യഥാർഥ്യം, ഇന്ന് കേരളത്തിൽ യഥാർഥ കമ്മ്യൂണിസമല്ല.

നരേന്ദ്ര മോദിക്കെതിരെ പേടിക്കാതെ പോരാടി ധൈര്യമായി മുന്നോട്ടുപോകുന്ന പാർട്ടി കോൺഗ്രസും നേതാവ് രാഹുൽ ഗാന്ധിയുമാണ്. സിപിഎം ഞങ്ങളെ ബിജെപി വിരോധം പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ്. ഇഡിയെ പേടിക്കുമ്പോൾ മോദിക്ക് മുന്നിൽ കവാത്ത് മറക്കും നിങ്ങൾ കോൺഗ്രസിനെ തോൽപ്പിക്കാൻ മോദിയുമായി ചങ്ങാത്തം കൂടും.’’– കെ.സി.വേണുഗോപാല്‍ പറഞ്ഞു.

Top