ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രം മരവിപ്പിച്ചുവെന്ന് കെ സി വേണുഗോപാല്‍ എംപി. അനധികൃതമായ ഇലക്ട്രല്‍ ബോണ്ടില്‍ കോടതിയില്‍ നിന്നുണ്ടായ തിരിച്ചടി മറികടക്കാനുള്ള ബിജെപി ശ്രമമാണ് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കലിലൂടെ നടക്കുന്നത്. ഇലക്ട്രല്‍ ബോണ്ടിലൂടെ ബിജെപി അനധികൃതമായി 6500 കോടി സമാഹരിച്ചിട്ടുണ്ട്. ആ അക്കൗണ്ടുകള്‍ ഒന്നും മരവിപ്പിക്കപ്പെട്ടിട്ടില്ല. സാധാരണക്കാരായ പ്രവര്‍ത്തകരിലൂടെ സമാഹരിച്ച തുകയാണ് കോണ്‍ഗ്രസിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ജനാധിപത്യപരമായ രീതിയില്‍ ഇതിനെതിരെ പോരാടും. നിയമനടപടി സ്വീകരിക്കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി ഇന്ത്യയിലെ ജനാധിപത്യത്തിനെതിരായ ആക്രമണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. അധികാരം ബിജെപി സര്‍ക്കാരിനെ മത്ത് പിടിപ്പിച്ചു. ഭാവിയില്‍ തെരഞ്ഞെടുപ്പ് ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പറയുന്നത് ഇത് കൊണ്ടാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. മോദി കോണ്‍ഗ്രസിനെ ഭയക്കേണ്ടതില്ലെന്ന് രാഹുല്‍ഗാന്ധിയും പ്രതികരിച്ചു. പണമല്ല ജനങ്ങളാണ് കോണ്‍ഗ്രസിന്റെ ശക്തി. ഏകാധിപത്യത്തിന് മുന്നില്‍ തലകുനിക്കില്ല. ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ പോരാടുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.