ബംഗളൂരു: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ കോമാളിയെന്ന് വിളിച്ച് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗ്. കഴിഞ്ഞ ദിവസം എന്‍ഡിഎക്ക് മുന്‍തൂക്കം നല്‍കി പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി റോഷന്‍ രംഗത്തെത്തിയത്.
‘കെ.സി. വേണുഗോപാല്‍ ഒരു കോമാളിയാണ്. എന്റെ നേതാവായ രാഹുല്‍ ഗാന്ധി ജിയുടെ കാര്യമോര്‍ക്കുമ്പോള്‍ വിഷമമുണ്ട്. വേണുഗോപാലിനൊപ്പം ധിക്കാരിയും അഹങ്കാരിയുമായ സിദ്ധരാമയ്യയും ഗുണ്ടു റാവുവിന്റെ തരംതാണകളികളും ചേരുമ്പോള്‍ തിരഞ്ഞെടുപ്പ് ഫലം ഇത് തന്നെയായിരിക്കും”-റോഷന്‍ പറഞ്ഞു.
കര്‍ണാടകത്തില്‍ 28 സീറ്റുകള്‍ ഉള്ളതില്‍ 21 മുതല്‍ 25 വരെ സീറ്റുകള്‍ എന്‍.ഡി.എ സഖ്യം നേടുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലം. യു.പി.എ മൂന്ന് മുതല്‍ ആറ് വരെ സീറ്റുകളില്‍ വിജയിക്കുമെന്നും മറ്റുള്ളവര്‍ ഒരു സീറ്റ് വീതം നേടുമെന്നും സര്‍വെ പ്രവചിച്ചിരുന്നു.