ക്രിസ്മസ് അവധിക്ക് കര്‍ണാടക ടു കേരള പ്രത്യേക സര്‍വീസുകളെന്ന് ;കെസി വേണുഗോപാല്‍

ബെംഗളൂരു: കര്‍ണാടകത്തില്‍ നിന്നുള്ള മലയാളികളുടെ യാത്രാദുരിതം പരിഹരിക്കാന്‍ ഇടപെടലുമായി എംപി കെസി വേണുഗോപാല്‍. കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കെസി വേണുഗോപാല്‍ യാത്രാ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുവന്നത്. കൂടിക്കാഴ്ച്ചയുടെ അടിസ്ഥാനത്തില്‍ കര്‍ണാടക എസ്ആര്‍ടിസി 59 അധിക സ്‌പെഷല്‍ സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

ക്രിസ്മസ് അവധിയോടടുപ്പിച്ച് ഈ മാസം 22 ,23 ,24 തീയതികളിലാകും പ്രത്യേക സര്‍വീസുകള്‍ ഉണ്ടാകുക. ഇതില്‍ 18 സര്‍വീസുകള്‍ എറണാകുളത്തേക്കും 17 സര്‍വീസുകള്‍ തൃശ്ശൂര്‍ വരെയുമായിരിക്കും. കോഴിക്കോടേക്കും കണ്ണൂരേക്കും പ്രത്യേകം സര്‍വീസുകള്‍ ഉണ്ടാകുമെന്നാണ് വിവരം. ക്രിസ്മസ് ഉള്‍പ്പെടെയുള്ള അവധികളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള മലയാളികളുടെ യാത്രാദുരിതം ഭീകരമാണ്. വലിയ തുക നല്‍കി മാസങ്ങള്‍ക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്താലും യാത്ര പ്രതിസന്ധിയിലാവുന്നതാണ് പതിവ്. ഇരട്ടിയിലധികം തുകയാണ് ടിക്കറ്റിനായി സ്വകാര്യ സര്‍വീസുകള്‍ ഈടാക്കുന്നതും. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് എംപി ഇടപെടല്‍.

Top