കോൺഗ്രസ്സിൽ ദേശീയ പ്രസിഡന്റു കഴിഞ്ഞാൽ പിന്നെ ഏറ്റവും അധികം അധികാരമുള്ള പദവിയാണ് സംഘടനാ ചുമതലയുള ജനറൽ സെക്രട്ടറി സ്ഥാനം. കെ.സി വേണുഗോപാലാണ് ഇപ്പോൾ ആ പദവിയിൽ തുടരുന്നത്. നിലവിൽ പ്രവർത്തക സമതി അംഗമായികൂടി തിരഞ്ഞെടുക്കപ്പെട്ടതോടെ കെ.സി വേണുഗോപാൽ എന്ന പഴയ ആലപ്പുഴ എം.പിയുടെ പവറാണ് കോൺഗ്രസ്സിൽ വർദ്ധിച്ചിരിക്കുന്നത്. കോൺഗ്രസ്സ് നേതൃത്വത്തിൽ ദേശീയ തലത്തിൽ ഒരു സർക്കാർ ഉണ്ടായാൽ കാബിനറ്റ് റാങ്കോടെ വലിയ ഒരു പദവിയാണ് കെ.സി വേണുഗോപാലിനെ തേടിയെത്തുക. ഇക്കാര്യത്തിൽ കോൺഗ്രസ്സിൽ ആർക്കും തന്നെ ഒരു തർക്കവും ഉണ്ടാകാൻ സാധ്യതയില്ല.
രാഹുൽ ഗാന്ധിയുമായുള്ള അടുപ്പമാണ് ഇത്തരമൊരു പവറിലേക്ക് കെ.സി വേണുഗോപാലിനെ എത്തിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ മുതിർന്ന നേതാക്കൾക്ക് ഉൾപ്പെടെ കടുത്ത അതൃപ്തിയുണ്ടെങ്കിലും രാഹുൽ ഗാന്ധിയെ പേടിച്ച് ആരും തന്നെ ഒരു പ്രതികരണത്തിനും ഇതുവരെ തയ്യാറായിട്ടില്ല. സീനിയർ നേതാക്കളെ തഴഞ്ഞ് സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനവും പ്രവർത്തക സമിതി അംഗത്വവും നൽകിയ രാഹുൽ ഗാന്ധി തന്നെയാണ് കെ.സി വേണുഗോപാലിനെ രാജ്യസഭയിൽ എത്തിക്കാനും ചരടുവലിച്ചിരുന്നത്.
വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും കെ.സി വേണുഗോപാൽ മത്സരിക്കണമെന്നതാണ് അദ്ദേഹത്തിന്റെ അനുയായികളുടെ താൽപ്പര്യം. രാഹുൽ ഗാന്ധിക്കും ഇതേ നിലപാട് ഉണ്ടെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ ഈ ആവശ്യത്തോട് മുഖം തിരിക്കുന്ന നിലപാടാണ് കെ.സി വേണുഗോപാൽ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലെ കോൺഗ്രസ്സ് ഗ്രൂപ്പുകൾ കാലുവാരുമെന്ന ഭയത്തേക്കാൾ ഏറെ വേണുഗോപാലിനെ ഭയപ്പെടുത്തുന്നത് ആലപ്പുഴ എം.പിയായ എ.എം ആരിഫിന്റെ സാന്നിധ്യമണ്.
മുൻ ആലപ്പുഴ എം.പിയായ കെ.സി വേണുഗോപാൽ ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചാൽ ആലപ്പുഴയിൽ തന്നെയാണ് മത്സരിക്കേണ്ടി വരിക. അദ്ദേഹത്തെ സംബന്ധിച്ച് അതൊരു അഗ്നിപരീക്ഷണമായി മാറും. സ്വന്തം തട്ടകത്തിൽ നിന്നും മാറി മത്സരിക്കാൻ തീരുമാനിച്ചാൽ പേടിച്ച് ഒളിച്ചോടിയെന്ന പഴിയും അദ്ദേഹത്തിനു കേൾക്കേണ്ടിവരും. ഈ സാഹചര്യം ഒഴിവാക്കാനാണ് മത്സരത്തിനില്ലന്ന നിലപാട് കെ.സി സ്വീകരിച്ചിരിക്കുന്നത്. ഇതിനു പ്രധാന കാരണം സി.പി.എം. നേതാവും സിറ്റിംഗ് എം.പിയുമായ എ.എം ആരിഫിനെയാണ് നേരിടേണ്ടി വരിക എന്നതാണ്.
കേരളത്തിലെ 20 ലോകസഭ സീറ്റുകളിൽ 19 സീറ്റുകളും നഷ്ടമായപ്പോഴും ആലപ്പുഴയിൽ വമ്പൻ വിജയം നേടിയ ചരിത്രമാണ് ആരിഫിനുള്ളത്. അതു കൊണ്ടു തന്നെ ആരിഫിന് ഒരു ടേം കൂടി സി.പി.എം നൽകുമെന്ന കാര്യവും ഉറപ്പാണ്. ഇതു തന്നെയാണ് കെ.സിയുടെ ചങ്കിടിപ്പിക്കുന്നത്. ആരിഫിനോട് ഏറ്റുമുട്ടി പരാജയപ്പെട്ടാൽ കെ.സി വേണുഗോപാലിന്റെ കോൺഗ്രസ്സിലെ സകല ഇമേജും തകർന്നടിയുമെന്ന കാര്യവും ഉറപ്പാണ്. സ്വന്തം തട്ടകത്തിൽ തോറ്റതിനു ശേഷം തിരിച്ചു ഡൽഹിയിലെത്തിയാൽ കൈവശമുള്ള സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനം പോലും തെറിക്കാനും സാധ്യത കൂടുതലാണ്.
ഇത്തരമൊരു സാഹചര്യം മുന്നിൽ കണ്ട് കെ.സി വേണുഗോപാൽ ആലപ്പുഴയിൽ നിന്നും മത്സരിക്കണമെന്ന തന്ത്രപരമായ നിലപാടാണ് ഐ ഗ്രൂപ്പ് നേതാക്കൾ ഉൾപ്പെടെ നിലവിൽ സ്വീകരിച്ചിരിക്കുന്നത്. എ – ഐ ഗ്രൂപ്പുകളെ തകർത്ത് സ്വന്തം ഗ്രൂപ്പുണ്ടാക്കി കേരളത്തിലെ പാർട്ടിപിടിക്കാൻ കെ.സി വേണുഗോപാൽ നടത്തുന്ന നീക്കമാണ് കെ.സിക്കെതിരായ നീക്കത്തിന് ഗ്രൂപ്പ് നേതാക്കളെ പ്രേരിപ്പിച്ചിരിക്കുന്നത്. എ എം ആരിഫിനോട് മുട്ടി ജയിക്കാനുള്ള കരുത്തൊന്നും കെ.സി വേണുഗോപാലിന് ഇല്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
2019 -ലെ ലോകസഭ തിരഞ്ഞെടുപ്പിൽ രാഹുൽ തരംഗത്തെ അപ്രസക്തമാക്കിയാണ് ആലപ്പുഴയിൽ ആരിഫ് ചെങ്കൊടി പാറിച്ചിരുന്നത്. കോൺഗ്രസ്സ് നേതാവ് ഷാനിമോൾ ഉസ്മാനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയിരുന്നത്. അരൂർ അസംബ്ലി മണ്ഡലത്തെ മൂന്നു തവണ പ്രതിനിധാനംചെയ്തിരുന്ന ആരിഫ്, അരൂർ മണ്ഡലത്തിൽ മികച്ച പ്രവർത്തനമാണ് കാഴ്ച വച്ചിരുന്നത്. ഈ പ്രവർത്തന മികവിനു മുന്നിലാണ് രാഹുൽ തരംഗം പോലും അപ്രസക്തമായി പോയിരുന്നത്. ലോകസഭ അംഗമെന്ന നിലയിലും വളരെ മികച്ച പ്രകടനമാണ് ആരിഫ് നിലവിൽ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.
ലോകസഭയിൽ തമിഴ് നാട്ടിൽ നിന്നുള്ള രണ്ട് അംഗങ്ങൾ ഉൾപ്പെടെ മൂന്ന് അംഗങ്ങൾ മാത്രമേ സി.പി.എമ്മിന് ഒള്ളൂ എങ്കിലും ലോകസഭയിലെ ഇടപെടലുകളുടെ കാര്യത്തിൽ എണ്ണം ഒരു പ്രശ്നമല്ലന്ന് തെളിയിക്കാൻ ഇതിനകം തന്നെ ആരിഫിന് കഴിഞ്ഞിട്ടുണ്ട്. കെ.ആർ ഗൗരിയമ്മയെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയതോടെയാണ് രാഷ്ട്രീയ കേരളം ഈ ചെറുപ്പക്കാരനെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നത്. 2006-ലെ തിരഞ്ഞെടുപ്പിൽ അന്നത്തെ കൃഷി മന്ത്രികൂടിയായ ഗൗരിയമ്മയെ 4,650 വോട്ടിനാണ് സി.പി.എം. സ്ഥാനാർത്ഥിയായ ആരിഫ് പരാജയപ്പെടുത്തിയിരുന്നത്.
തുടർന്ന് 2011 -ൽ ആലപ്പുഴ ഡി.സി.സി. പ്രസിഡന്റായിരുന്ന അഡ്വ. എ.എ. ഷുക്കൂറിനെ 16,850 വോട്ടിനും, 2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ആലപ്പുഴ ജില്ലാ ചെയർമാനായ അഡ്വ. സി.ആർ. ജയപ്രകാശിനെ 38,519 വോട്ടിനും ആരിഫ് പരാജയപ്പെടുത്തുകയുണ്ടായി. ഇതിനു ശേഷമാണ് 2019 ലെ ലോകസഭ തിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തി വിപ്ലവ മണ്ണിന്റെ അഭിമാനം കാത്തിരുന്നത്. ചേർത്തല എസ്.എൻ കോളേജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐയിലൂടെയാണ് ആരിഫ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിരുന്നത്.
പോലീസ് ക്വാർട്ടേഴ്‌സിൽ താമസിച്ചുകൊണ്ട് ആരിഫ് രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ആരിഫിന്റെ പിതാവിനെതിരെ പൊലീസ് ഉന്നതർ ഇടപെട്ട് നടപടി സ്വീകരിക്കുന്ന സാഹചര്യവുമുണ്ടായി. തുടർന്ന്, ആരിഫിനെയും കുടുംബത്തെയും പൊലീസ് ക്വാർട്ടേഴ്‌സിൽ നിന്നും എസ്.പി.യുടെ ഉത്തരവ് പ്രകാരം ഇറക്കിവിടുകയും ചെയ്തു.
തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ ഒന്നാം വർഷ നിയമ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ആലപ്പുഴ ജില്ലാ കൗൺസിൽ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ആരിഫിന് നിരവധി തവണ ക്രൂരമായ മർദ്ദനവും ഏൽക്കേണ്ടി വന്നിട്ടുണ്ട്. മുത്തങ്ങ വെടിവെപ്പ് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനു നേരെ നടന്ന പൊലീസ് ലാത്തിചാർജിൽ ആരിഫിന്റെ തുടയ്ക്കും നട്ടെല്ലിനുമാണ് പരിക്കേറ്റിരുന്നത്.
ഈ മർദ്ദനങ്ങളും പോരാട്ടങ്ങളും ജനകീയ ഇടപെടലുകളുമെല്ലാം ആരിഫ് എന്ന കമ്യൂണിസ്റ്റിന്റെ ജനപ്രീതിയാണ് കുത്തനെ വർദ്ധിപ്പിച്ചിരിക്കുന്നത്. ജനപ്രതിനിധി എന്ന രീതിയിലെ പ്രവർത്തനം കൂടിയായപ്പോൾ വലിയ സ്വാധീനം തന്നെ ആലപ്പുഴ ലോകസഭ മണ്ഡലത്തിൽ സൃഷ്ടിക്കാൻ ആരിഫിനു കഴിഞ്ഞിട്ടുണ്ട്. കെ.സി വേണുഗോപാലല്ല മറ്റാരുതന്നെ എതിർ സ്ഥാനാർത്ഥിയായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ആലപ്പുഴയിൽ ഇടതുപക്ഷത്തെ തോൽപ്പിക്കുക എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കാനാണ് സാധ്യത.
EXPRESS KERALA VIEW