ചെന്നിത്തലയെ മഹാരാഷ്ട്രയിൽ ‘തളച്ചിട്ട്’ കേരളത്തിലെ മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്ന കെ.സി വേണുഗോപാൽ !

കോൺഗ്രസ്സിൽ പാർട്ടി അദ്ധ്യക്ഷൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അധികാരം കയ്യാളുന്ന പദവിയാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനം. ആ സ്ഥാനത്തിപ്പോൾ വീണ്ടും അവരോധിക്കപ്പെട്ടിരിക്കുന്നത് കെ.സി വേണുഗോപാലാണ്. ഇദ്ദേഹം തന്നെ നേരിട്ട് ഇടപെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസ്സിനു വൻ തിരിച്ചടി നേരിട്ടിട്ടും സംഘടനാ ജനറൽ സെക്രട്ടറി പദവിയിൽ തുടരുന്നത് രാഹുൽ ഗാന്ധിയുടെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ്. ഇക്കാര്യത്തിൽ വലീയ പ്രതിഷേധമാണ് കോൺഗ്രസ്സ് നേതൃത്വത്തിൽ ഉള്ളത്. രാഹുലിനെ പേടിച്ച് ആരും ഇക്കാര്യം പരസ്യമായി പറയുന്നില്ലന്നു മാത്രം.

പാർട്ടിക്ക് തിരിച്ചടിയേറ്റ ചത്തിസ്ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് നേതൃത്വത്തിൽ അഴിച്ചുപണി നടത്തുന്ന ദേശീയ നേതൃത്വം ആദ്യം സംഘടനാ ജനറൽ സെക്രട്ടറിയെ മാറ്റിയാണ് അഴിച്ചു പണിക്ക് തുടക്കമിടേണ്ടിയിരുന്നതെന്ന അഭിപ്രായമാണ് മുതിർന്ന നേതാക്കൾക്കിടയിൽ ഉള്ളത്. കെ.സി വേണുഗോപാൽ രാഹുൽ പ്രീണന രാഷ്ട്രീയമാണ് നടത്തുന്നതെന്നതാണ് ഇവർക്കിടയിലെ പൊതുഅഭിപ്രായം. ഒരവസരം ലഭിച്ചാൽ കെ.സിയെ പുകച്ച് പുറത്തുചാടിക്കാൻ തക്കം പാർത്തിരിക്കുന്നവർ എ.ഐ.സി.സി യിലും നിരവധിയാണ്.

വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പരാജയപ്പെട്ടാൽ രാഹുൽ ഗാന്ധിയുടെ മാത്രമല്ല നെഹറു കുടുംബത്തിന്റെ തന്നെ സ്വാധീനമാണ് കോൺഗ്രസ്സിൽ നഷ്ടമാകുക. അത്തരമൊരു സാഹചര്യത്തിൽ കെ.സി വേണുഗോപാലിനും പിന്നെ പിടിച്ചു നിൽക്കാൻ കഴിയുകയില്ല. സ്വന്തം നാടായ കേരളത്തിൽ പോലും വലിയ എതിർപ്പാണ് കെ.സി വേണുഗോപാലിനുള്ളത്.

കേരളത്തിലെ കോൺഗ്രസ്സിലെ പ്രബല വിഭാഗങ്ങളായ എ – ഐ ഗ്രൂപ്പുകൾ കെ.സിയെ അംഗീകരിക്കുന്നില്ല. വി.ഡി സതീശനും കെ സുധാകരനുമാണ് കെ.സിയുമായി അടുപ്പം പുലർത്തുന്ന പ്രധാന നേതാക്കൾ എന്നാൽ ഇവർ ഇരുവർക്കും സ്വന്തം നിലയ്ക്ക് അജണ്ട ഉള്ളതിനാൽ കെ.സി ആഗ്രഹിക്കുന്നതു പോലുള്ള ഒരു പിന്തുണ അനിവാര്യമായ സമയത്ത് ഇവരിൽ നിന്നു പോലും ലഭിക്കണമെന്നില്ല. അതിനു പ്രധാന കാരണം കെ.സി വേണു ഗോപാലിന്റെ മുഖ്യമന്ത്രിപദ മോഹമാണ്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമെന്നതാണ് കെ.സി വേണു ഗോപാലിന്റെ മനസ്സിലിരുപ്പ്. അതിന് വഴി ഒരുക്കുന്നതിനായി കെ.സി ഗ്രൂപ്പിനും രൂപം കൊടുത്തിട്ടുണ്ട്. മുൻ മന്ത്രി എ.പി അനിൽകുമാർ ഉൾപ്പെടെ ഒരു വിഭാഗം നേതാക്കൾ ഇപ്പോൾ ഈ ഗ്രൂപ്പിലാണ് ഉള്ളത്. ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു എന്ന് പ്രസംഗിക്കുന്നവർ തന്നെയാണ് പുതിയ ഗ്രൂപ്പുണ്ടാക്കി കേരളത്തിലെ കോൺഗ്രസ്സിനെയും കൈപ്പിടിയിൽ ഒതുക്കാൻ ഇപ്പോൾ ശ്രമിക്കുന്നത്. അതിനായി കെ.സി വേണുഗോപാലിന്റെ പഴയ ഐ ഗ്രൂപ്പിനെയാണ് ആദ്യം പിളർത്തിയിരിക്കുന്നത്. ‘എ’ ഗ്രൂപ്പിൽ നിന്നും ടി സിദ്ധീഖ് ഉൾപ്പടെയുള്ള ചില നേതാക്കളെയും കെ.സി സ്വന്തം ഗ്രൂപ്പിലേക്ക് അടർത്തിമാറ്റിയിട്ടുണ്ട്.

സംഘടനാ ജനറൽ സെക്രട്ടറിയുടെ ഈ അവസരവാദ നിലപാടിൽ കട്ട കലിപ്പിലാണിപ്പോൾ എ – ഐ ഗ്രൂപ്പുകൾ ഉള്ളത്. യു.ഡി.എഫിന് അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനം കൊതിക്കുന്ന ഐ ഗ്രൂപ്പിലെ പ്രധാനി രമേശ് ചെന്നിത്തലയാണ്. മുൻപ് തന്റെ കീഴിൽ രൂപംകൊണ്ട മൂന്നാംഗ്രൂപ്പിൽ പ്രവർത്തിച്ച കെ.സി വേണുഗോപാലും വി.ഡി സതീശനും മുഖ്യമന്ത്രി കസേരിയിൽ ഇരിക്കുന്നത് രമേശ് ചെന്നിത്തലയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. കൂടുതൽ എം എൽ എമാർ പിന്തുണച്ചിട്ടും തന്നെ ഒഴിവാക്കി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത് കെ.സി വേണുഗോപാലിന്റെ കുരുട്ടുബുദ്ധിയുടെ ഭാഗമായാണ് ചെന്നിത്തല നോക്കി കാണുന്നത്.

ശശി തരൂരിനെ പ്രവർത്തക സമിതിയിൽ സ്ഥിരാംഗമാക്കിയപ്പോൾ ചെന്നിത്തലയെ ക്ഷണിതാവായി മാത്രം ഒതുക്കിയതിനു പിന്നിലും കെ.സിയുടെ ബുദ്ധിയാണ് പ്രവർത്തിച്ചിരുന്നത്. അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചെന്നിത്തലയുടെ സാധ്യത അടക്കുന്നതിനായിരുന്നു ഈ നീക്കം. ശശി തരൂർ ലോകസഭ തിരഞ്ഞെടുപ്പിൽ അഥവാ തോറ്റാൽ പോലും അദ്ദേഹത്തെ രാജ്യസഭ അംഗമാക്കി ഒതുക്കുക എന്നതാണ് ലക്ഷ്യം. നിയമസഭ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽ മുൻപ് എ.കെ ആന്റണി ലാൻഡ് ചെയ്തതു പോലെ കേരളത്തിൽ എത്തി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ലീഗിന്റെ ഉറച്ച ഏതെങ്കിലും സീറ്റിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുക്കി മത്സരിച്ച് ജയിക്കുക എന്നതായിരുക്കും കെ.സിയുടെ ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.

ഒരിക്കലും നടക്കാത്ത സ്വപ്നമെന്ന് കേൾക്കുന്ന ആർക്കും പറയാമെങ്കിലും കേരളത്തിൽ ഭരണമാറ്റം സംഭവിക്കുകയാണെങ്കിൽ ഒരു സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല. എന്നാൽ കെ.സി വേണുഗോപാലിന്റെ ഇത്തരം കരുനീക്കങ്ങൾ തിരിച്ചടിച്ചാൽ അത് വലിയ ആഘാതമാണ് കോൺഗ്രസ്സിലും ലീഗിലും ഉണ്ടാക്കുക. രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നൽകി ഒതുക്കുക കൂടി ചെയ്തതോടെ ഐ ഗ്രൂപ്പ് ശരിക്കും പ്രതിരോധത്തിലാണ്. എ ഗ്രൂപ്പിലെ അതൃപ്തിയും നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇത് പൊട്ടിത്തെറിയിൽ കലാശിച്ചാൽ സതീശന്റെയും വേണുഗോപാലിന്റെയും ഗ്രൂപ്പിൽപ്പെട്ട മിക്കവർക്കും നിയമസഭ കാണാൻ പോലും സാധിച്ചെന്നു വരില്ല.

കാലുവാരി തോൽപ്പിക്കുന്ന പഴയ ഗ്രൂപ്പ് വൈര്യത്തിലേക്ക് കാര്യങ്ങൾ മാറിയാൽ ദയനീയമായ പരാജയത്തിലേക്കാണ് കേരളത്തിലെ കോൺഗ്രസ്സ് കൂപ്പുകുത്തുക. അതോടെ യു.ഡി.എഫിന്റെ ഉള്ള അടിത്തറയും തകർന്ന് തരിപ്പണമാകും. രാജ്യം ഏറ്റവും കൂടുതൽ കാലം ഭരിച്ച കോൺഗ്രസ്സിന് കേന്ദ്രത്തിൽ അധികാരം നഷ്ടമായതും നിലവിൽ സംസ്ഥാന ഭരണം വെറും മൂന്നു സംസ്ഥാനങ്ങളിൽ മാത്രമായി ഒതുങ്ങിയതുംനേതാക്കളുടെ അധികാര മോഹം കൊണ്ടും അഴിമതി കൊണ്ടും ജനവിരുദ്ധ നയങ്ങൾകൊണ്ടുമാണ്. എത്ര തിരിച്ചടി ലഭിച്ചാലും ഇതൊന്നും തിരുത്താൻ ഇപ്പോഴും കോൺഗ്രസ്സ് നേതാക്കൾ തയ്യാറാവുന്നില്ല. അവശേഷിക്കുന്ന തുരുത്തും നഷ്ടമാകുന്നതു വരെ അവരുടെ ഈ ആർത്തി തുടരുക തന്നെ ചെയ്യും. അതെന്തായാലും പറയാതെ വയ്യ . . .

EXPRESS KERALA VIEW

Top