ആരോഗ്യ മന്ത്രിക്കെതിരായ മുല്ലപ്പള്ളിയുടെ വിവാദ പ്രസ്താവന; പ്രതികരണം പിന്നീടെന്ന് കെസി

ന്യൂഡല്‍ഹി: ആരോഗ്യ മന്ത്രി കെകെ ശൈലജയ്‌ക്കെതിരായ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരണം പിന്നീടെന്ന് കെസി വേണുഗോപാല്‍.

കെപിസിസി പ്രസിഡന്റ് എന്താണ് പറഞ്ഞതെന്ന് നേരിട്ട് ചോദിക്കാതെ പ്രതികരണത്തിനില്ല. മുല്ലപ്പള്ളിയോട് വിവരങ്ങള്‍ ആരാഞ്ഞ ശേഷം പ്രതികരിക്കാമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

ഇന്നലെയാണ് ശൈലജ ടീച്ചര്‍ക്കെതിരെ നിപ രാജകുമാരിയെന്നും, കോവിഡ് റാണിയെന്നുമുള്ള വിവാദ പ്രസ്താവന മുല്ലപ്പള്ളി നടത്തിയത്.

നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി നടത്തുന്നതെന്നാണ് മുല്ലപ്പളളിയുടെ പ്രസ്താവന.

കോഴിക്കോട്ട് നിപ്പാ രോഗം വ്യാപിച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടക്ക് വന്ന് പോകുന്ന ആള്‍ മാത്രമായിരുന്നു ആരോഗ്യ മന്ത്രിയെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചിരുന്നു. കോഴിക്കോട്ട് നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ‘ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ‘ റോളില്‍ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തിരുന്നതെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചിരുന്നു.

പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. അതേ സമയം പ്രതിഷേധം ഉയരുമ്പോഴും തിരുത്താനില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

Top