സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി മറുപടി പറയാൻ ബാധ്യസ്ഥനാണെന്നും വെളിപ്പെടുത്തലിലെ വാസ്തവം അന്വേഷിക്കണമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സിപിഐഎമ്മും ബിജെപിയും ഒത്തുകളിച്ചുകൊണ്ട് അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാഷണൽ ഹെറാൾഡ് കേസിൽ കൊവിഡ് ഭേദമായ ശേഷം സോണിയ ഗാന്ധി ഇഡി ഓഫീസിൽ ഹാജരാകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. നൂപൂർ ശർമ്മയുടെ പ്രവാചക നിന്ദ പരാമർശത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ബിജെപിക്ക് ഒഴിയാനാകില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണക്കടത്തിൽ പങ്കെടുണ്ടെന്നാണ് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം. ശിവശങ്കർ, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ കുടുംബത്തിനും, സെക്രട്ടറി സിഎം രവീന്ദ്രൻ, നളിനി നെറ്റോ, മുൻ മന്ത്രി കെടി ജലീൽ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നൽകിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്വപ്ന സുരേഷന്റെ ആരോപണം രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത് .