കണ്ണൂര്‍: ഞായറാഴ്ച്ച നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പ്രാദേശിക നേതൃത്വങ്ങളില്‍ നിന്നും ലഭിച്ച കണക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതികരിക്കുന്നത്. ഭൂരിപക്ഷം കിട്ടിയാലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത കാലത്തിലാണ് നമ്മളെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നെങ്കിലും പാര്‍ട്ടികള്‍ ഏറെ പ്രതീക്ഷയിലാണ്. രാജസ്ഥാന്‍, ഛത്തിസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിനാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്. മധ്യപ്രദേശില്‍ ബിജെപിക്ക് തുടര്‍ഭരണം ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. എന്നാല്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം പിടിക്കും എന്നാണ് ബിജെപി വിലയിരുത്തല്‍.നാളെയാണ് നാല് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്നത്. ലോക്സഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനല്‍ പോരാട്ടം എന്ന് വിശേഷിപ്പിക്കുന്നത് കൊണ്ട് തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറെ നിര്‍ണായകമാണ് 5 സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് ഫലം. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ നാളെ രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.
കോണ്‍ഗ്രസില്‍ നിന്നുള്ള എംഎല്‍എമാരുടെ കൂറുമാറ്റം തടയുന്നതിനായി റിസോര്‍ട്ടുകള്‍ തയ്യാറാക്കിയോ എന്ന ചോദ്യത്തിന് അതിനെക്കുറിച്ചൊന്നും തനിക്ക് അറിയില്ല, നിങ്ങള്‍ക്കല്ലേ അറിയുക എന്നായിരുന്നു കെ സി വേണുഗോപാലിന്റെ മറുപടി.പലയിടത്തും ഗവര്‍ണര്‍മാരുടെ രാഷ്ട്രീയം നമ്മള്‍ കണ്ടതാണ്. അതിന്റെയൊരു മുന്‍കരുതല്‍ എടുക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.