രാജസ്ഥാനില്‍ ബിജെപിയിലുണ്ടായ അതൃപ്തിയില്‍ കോണ്‍ഗ്രസ് മുതലെടുപ്പിനില്ലെന്ന് കെ.സി വേണുഗോപാല്‍

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനില്‍ ബിജെപിയിലുണ്ടായ അതൃപ്തിയില്‍ കോണ്‍ഗ്രസ് മുതലെടുപ്പിനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബിജെപിയിലെ അതൃപ്തി എങ്ങനെ പ്രതിഫലിക്കുമെന്ന് തെരഞ്ഞെടുപ്പില്‍ കാണാമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട നാല് എംഎല്‍എമാര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമത സ്ഥാനാര്‍ഥികളായി മത്സരിക്കുമെന്ന വിവരങ്ങളാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. രാജസ്ഥാനിലെ ബിജെപിയിലുണ്ടായ വിമത നീക്കവും വസുന്ധര രാജെയുടെ അതൃപ്തിയും മുതലെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കില്ലെന്നാണ് കെസി വേണുഗോപാല്‍ വ്യക്തമാക്കിയത്.

രാജസ്ഥാനില്‍ കേന്ദ്രമന്ത്രിമാരെയും എംപിമാരെയും ഇറക്കിയുള്ള ബിജെപി പരീക്ഷണം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.മുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാറില്ല. സച്ചിന്‍ പൈലറ്റ് പാര്‍ട്ടിക്ക് പൂര്‍ണ്ണ വിധേയന്‍. പാര്‍ട്ടിക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ അദ്ദേഹം തയ്യാറാണ്. സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നുവെന്ന ആക്ഷേപം തെറ്റെന്നും കുറ്റമറ്റ പട്ടിക പുറത്തിറക്കുമെന്നും കെ.സി വേണുഗോപാല്‍  പറഞ്ഞു.

Top