ഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പരാജയപ്പെട്ടതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ച്ചയിലായതില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഹിമാചലിലെ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് കെ സി വേണുഗോപാല്‍ പറയുന്നത്. ഇത്തരം ശ്രമങ്ങള്‍ ഉണ്ടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഇങ്ങനെയൊരു സാഹചര്യം എങ്ങനെ ഉണ്ടായി എന്ന് പരിശോധിക്കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പരാജയപ്പെട്ടതോടെ അതിനാടകീയ സംഭവങ്ങളാണ് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ അരങ്ങേറുന്നത്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു രാജിവെച്ചേക്കും. ഹൈക്കമാന്‍ഡിനെ രാജി സന്നദ്ധത അറിയിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിംഗിന് പിന്നാലെ എംഎല്‍എമാര്‍ സുഖുവിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ചിരുന്നു. ബിജെപി നേതാക്കള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ഹിമാചല്‍ പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂര്‍ ബിജെപി എംഎല്‍എമാരുമായി ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ലയെ രാജ്ഭവനിലെത്തി കണ്ടു.
രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ന്നിരിക്കുകയാണ്. സഭയില്‍ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ ഗവര്‍ണറെ അറിയിച്ചെന്നാണ് ഠാക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും അവിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും ബിജെപി ഗവര്‍ണറോട് ആവശ്യപ്പെട്ടു. ബിജെപി എംഎല്‍എമാരെയും ബിജെപിക്ക് വേണ്ടി വോട്ട് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എമാരെയും വിധാന്‍ സഭ സ്പീക്കര്‍ പുറത്താക്കുമോ എന്ന ആശങ്കയുണ്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള നിയമസാധുത നഷ്ടപ്പെട്ടുവെന്ന് വ്യക്തമാണെന്നും ബിജെപി ഗവര്‍ണറെ ബോധ്യപ്പെടുത്തി.