തിരുവനന്തപുരം: ഇടുക്കി കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സിപിഎം ഗുണ്ടാ ആക്രമണമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. ജില്ലകള്‍ തോറും അക്രമം നടത്തി കേരളത്തെ ചോരക്കളമാക്കാനാണ് സിപിഎമ്മും പിണറായി സര്‍ക്കാരും ശ്രമിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കേരളത്തിലുടനീളം വ്യാപക അക്രമം അരങ്ങേറിയിട്ടും മൗനം പുലര്‍ത്തുന്ന മുഖ്യമന്ത്രി അക്രമങ്ങള്‍ക്ക് ഒത്താശ പകരുകയുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
രണ്ട് ദിവസത്തിനിടെ കേരളമാകെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപക അക്രമമുണ്ടായി. ജനപ്രതിനിധികളെ പോലും പോലീസിന്റെ ഒത്താശയോടെ കയ്യേറ്റം ചെയ്യാനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നത്. മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍ നാടന് നേരെയും, കായംകുളത്തു യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന അരിത ബാബുവിനെതിരെയും പൊലീസ് ഒത്താശയോടെ സിപിഎം പ്രവര്‍ത്തകരും, പോലീസും അക്രമമഴിച്ചു വിടുകയുണ്ടായി.
സപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ വരെ കെ പി സി സി അധ്യക്ഷനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും, സാമൂഹ്യമാധ്യമങ്ങള്‍ വഴി കരിവരിതേക്കാനും മത്സരിക്കുകയാണ്. കെപിസിസി അധ്യക്ഷനെ ഒറ്റതിരിഞ്ഞു ആക്രമിക്കുന്നത് നോക്കി നില്‍ക്കില്ലെന്നും, പാര്‍ട്ടി ഒറ്റക്കെട്ടായി സുധാകരന് പിന്തുണ നല്‍കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
തളിപ്പറമ്പില്‍ സിപിഎം പ്രവര്‍ത്തകര്‍ രാഷ്ട്രപിതാവിന്റെ സ്തൂപം പോലും തകര്‍ത്തെറിഞ്ഞു. തീവ്രവലതു പക്ഷത്തെ പ്പോലും ലജ്ജിപ്പിക്കുന്ന വിധത്തിലാണ് മഹാത്മജിയുടെ പ്രതിമയെ സിപിഎം അക്രമികള്‍ വികൃതമാക്കിയത്. കായംകുളത്തുള്‍പ്പെടെ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസുകളും, കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടു. സംസ്ഥാനമൊട്ടാകെ പൊലീസിനെ നോക്കുകുത്തിയാക്കി നടക്കുന്ന അക്രമങ്ങള്‍ക്ക് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയുടെ പിന്തുണയുണ്ട്. രണ്ട് ദിവസമായി നടക്കുന്ന അക്രമണങ്ങള്‍ തടയാന്‍ പൊലീസ് എന്ത് നടപടിയെടുത്തുവെന്നും വേണുഗോപാല്‍ ചോദിച്ചു.
കൊലപാതക-അക്രമ രാഷ്ട്രീയത്തെ ഒരിക്കലും കോണ്‍ഗ്രസ് പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ല. ഇടുക്കിയില്‍ സംഭവിച്ചത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായ സംഭവമാണ്. അതില്‍ നിയമ പരമായ നടപടികള്‍ നടക്കട്ടെയെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷയ്ക്കപ്പെടണമെന്നും പാര്‍ട്ടി വ്യക്തമാക്കിയതാണ്. പൊളിറ്റിക്കല്‍ ക്രിമിനലിസം എല്ലായിടത്തും കമ്മ്യൂണിസ്റ്റുകാരുടെ കുത്തകയാണ്. ആ കുത്തക അവര്‍ തന്നെ കയ്യടക്കി വെച്ചോട്ടെയെന്നും അതിന്റെ പങ്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ചാര്‍ത്തി തരാന്‍ മിനക്കെടേണ്ടതില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസിനെതിരെ നടത്തുന്ന ഗുണ്ടാ ആക്രമണം സി പി എം അവസാനിപ്പിക്കണം. പാര്‍ട്ടി ഓഫീസുകള്‍ നശിപ്പിച്ചും നേതാക്കന്മാരെ തെറിപറഞ്ഞും പ്രവര്‍ത്തകരെ തല്ലിയുമല്ല രാഷ്ട്രീയ പ്രതിഷേധം പ്രകടിപ്പിക്കേണ്ടത്. കയറൂരി വിട്ട ക്രിമിനലുകളെ സി പി എം നിലക്ക് നിര്‍ത്തണമെന്നും, അധികാരത്തിന്റെ ഹുങ്ക് കോണ്‍ഗ്രസിന്റെ നെഞ്ചത്തല്ല കാണിക്കേണ്ടതെന്നും വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.