സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രവര്‍ത്തക സമിതിയുടെ പൂര്‍ണ പിന്തുണയെന്ന് കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനം ആരില്‍ നിന്നും ഉണ്ടാവരുതെന്നും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രവര്‍ത്തക സമിതിയുടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചെന്നും കെ സി വേണുഗോപാല്‍. സോണിയ ഗാന്ധിയോട് എഐസിസി സമ്മേളനം വരെ തുടരണമെന്ന് അഭ്യര്‍ത്ഥിച്ചെന്നും കെ സി വേണഗോപാല്‍ പറഞ്ഞു.

പ്രവര്‍ത്തക സമിതിയുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ 52 പേര്‍ പങ്കെടുത്തു. സോണിയ ഗാന്ധി പാര്‍ട്ടിക്ക് നല്‍കിയ കത്തും, ചില നേതാക്കള്‍ സോണിയ ഗാന്ധിക്ക് നല്‍കിയ കത്തും പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്തു.

പാര്‍ട്ടിയില്‍ പല അഭിപ്രായങ്ങളുണ്ടാകും പക്ഷേ, പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന സന്ദേശം സോണിയ ഗാന്ധി നല്‍കിയതായി രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. കത്തെഴുതിയ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു സുര്‍ജേവാലയുടെ പ്രതികരണം.

Top