ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വില പറഞ്ഞ യെദ്യൂരപ്പയുടെ ഫോണ്‍ സംഭാഷണത്തിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്ത്.
ഫോണ്‍ സംഭാഷണത്തിലൂടെ പുറത്തു വന്നിരിക്കുന്നത് കര്‍ണാടക സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുവാന്‍ മോദിയും അമിത് ഷായും നടത്തുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങളാണെന്ന് വേണുഗോപാല്‍ പറഞ്ഞു.
യെദ്യൂരപ്പ എംഎല്‍എമാര്‍ക്ക് വിലപറയുകയാണെന്നും 18 എംഎല്‍എമാര്‍ക്ക് 200 കോടിയാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും എംഎല്‍എമാര്‍ക്ക് ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും 12 എംഎല്‍ എമാര്‍ക്ക് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിലയിടുന്ന ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ക്കുള്ള മറുപടി പ്രധാനമന്ത്രി പറയണം. സത്യപ്രതിജ്ഞാ ദിവസം മുതല്‍ കര്‍ണാടക സര്‍ക്കാരിനെ താഴെയിടുവാനുള്ള ശ്രമത്തിലാണ് ബിജെപി. എന്നാല്‍ ബിജെപിയുടെ മോഹം നടക്കില്ല. സര്‍ക്കാര്‍ ഒരിക്കലും താഴെ വീഴില്ല, കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ ജെഡിഎസ് എംഎല്‍എ നാഗനഗൗഡ ഖാണ്ഡ്ക്കുറിന്റെ മകന്‍ ശരണയ്ക്ക് 25 ലക്ഷവും ഖാണ്ഡ്ക്കൂറിന് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തു എന്ന് തെളിയിക്കുന്നതിന്റെ ഓഡിയോ സംഭാഷണം കഴിഞ്ഞ ദിവസം കുമാരസ്വാമി പുറത്തുവിട്ടിരുന്നു.
കള്ളപ്പണം ഉപയോഗിച്ചും തന്റെ സുഹൃത്തുക്കളെ ഉപയോഗിച്ചും മോദി ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും, ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വരണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക വസതിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത്.