ഗോവയ്ക്ക് പിന്നാലെ കര്‍ണാടകയിലും ഭരണം നഷ്ടമായാല്‍ അത് കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ അസ്തമയത്തിന്റെ തുടക്കമാകും.
രാഹുല്‍ഗാന്ധിയുടെ വിശ്വസ്ഥനായ, ശക്തനായ നേതാവെന്ന പ്രതിഛായയില്‍ നിന്ന് പ്രതിസന്ധികളെ അതിജീവിക്കാന്‍ തന്ത്രങ്ങളില്ലാത്ത ദുര്‍ബല നേതാവെന്ന പേരുദോഷമാണ് കെ.സിക്ക് ഇനി ചുമക്കേണ്ടിവരിക.
വിമതപക്ഷത്തെ നാല് എം.എല്‍.എമാരെ തിരികെ എത്തിച്ച് കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യസര്‍ക്കാരിന് പ്രതിസന്ധി അതിജീവിക്കാന്‍ കഴിഞ്ഞാല്‍ അത് മന്ത്രികൂടിയായ ഡി.കെ ശിവകുമാറിന്റെ മാത്രം വിജയമായാണ് മാറുക.
കോണ്‍ഗ്രസിലെയും ജെ.ഡി.എസിലെയും 16 ഭരണപക്ഷ എം.എല്‍.എമാരാണ് രാജിവെച്ച് ബി.ജെ.പിക്കൊപ്പം കൂടിയിരിക്കുന്നത്. വിശ്വാസവോട്ടെടുപ്പിനെ അതിജീവിക്കണമെങ്കില്‍ വിമതപക്ഷത്തുനിന്നും പുതിയകാലുമാറ്റം വേണ്ടിവരും.
കഴിഞ്ഞ വര്‍ഷം നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 105 സീറ്റ് ലഭിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താനാണ് പരസ്പരം പോരടിച്ചു മത്സരിച്ച കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യമായിരുന്നത്. 79 സീറ്റുള്ള കോണ്‍ഗ്രസ് കേവലം 37 സീറ്റ് മാത്രമുള്ള ജെ.ഡി.എസിന്റെ നേതാവ് കുമാരസ്വാമിയെയാണ് മുഖ്യമന്ത്രിയാക്കിയിരുന്നത.്
മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിന്റെ സിദ്ധാരാമയ്യയെ അവഗണിച്ചുകൊണ്ടുള്ള സഖ്യസര്‍ക്കാരില്‍ തുടക്കത്തിലേ കല്ലുകടിയായിരുന്നു. പ്രാദേശിക തലത്തില്‍ പരസ്പരം പോരടിച്ച കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും പ്രവര്‍ത്തകര്‍ സഖ്യത്തിന് എതിരുമായിരുന്നു.
ഏച്ചുകെട്ടിയ സഖ്യത്തിന്റെ തിരിച്ചടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ശരിക്കും ലഭിച്ചു. ആ തെരഞ്ഞെടുപ്പില്‍ കേവലം ഒറ്റ സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. അതും ഡി.കെ.ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ.സുരേഷ്. ബെംഗളൂര്‍ റൂറലില്‍ നിന്നും രണ്ടുലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് സുരേഷ് വിജയിച്ചത്.
കര്‍ണാടകയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ണമായും കെ.സി.വേണുഗോപാലിന്റെ നിയന്ത്രണത്തിലായിരുന്നു. ഡി.കെ.ശിവകുമാറിനെ ഒരു ഘട്ടത്തിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍പോലും അടുപ്പിച്ചിരുന്നില്ല.
അല്‍പമെങ്കിലും കെ.സി കേട്ടത് സിദ്ധാരാമയ്യയുടെ വാക്കുകളാണ്. കര്‍ണാടക രാഷ്ട്രീയത്തെക്കുറിച്ച് പരിചയമില്ലാത്ത കെ.സി വേണുഗോപാലിന്റെ തന്ത്രങ്ങള്‍ പക്ഷേ തകര്‍ന്നടിയുകയായിരുന്നു.
കോണ്‍ഗ്രസ് നേതാവായിരുന്ന അംബരീഷിന്റെ ഭാര്യ സുമലതയ്ക്കുവേണ്ടി മാണ്ഡ്യ സീറ്റ് ജനതാദളില്‍ നിന്നും പിടിച്ചുവാങ്ങാതെ സുമലതയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വഴിയൊരുക്കിയതും കര്‍ണാടകയുടെ ചുമതലയുള്ള കെ.സി അടക്കമുള്ള നേതാക്കളുടെ പിടിപ്പുകേട് കൊണ്ട് മാത്രമായിരുന്നു.
മാണ്ഡ്യയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം സുമലതക്കൊപ്പമായിരുന്നു. മാണ്ഡ്യയില്‍ വിജയിച്ച സുമലത ബി.ജെ.പിപാളയത്തിലേക്ക് ചേക്കേറുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ കെ.സി വേണുഗോപാലിനെ കോമാളി എന്നുവിളിച്ച് കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗ് തന്നെ രംഗത്തെത്തുകയുണ്ടായി.
മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന വീരപ്പമൊയ്‌ലി അടക്കമുള്ളവരും കെ.സിയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധത്തിലാണ്.
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ഥന്‍ എന്ന പേരിലാണ് കര്‍ണാടകയില്‍ കെ.സിയുടെ താല്‍പര്യം അടിച്ചേല്‍പ്പിച്ചിരുന്നത്.
കര്‍ണാടകയില്‍ ജെ.ഡി.എസ് സഖ്യം കോണ്‍ഗ്രസിന് നഷ്ടക്കച്ചവടമാകുമെന്ന മുന്നറിയിപ്പാണ് ലോക്‌സഭാ ഫലം നല്‍കുന്നത്.28 ലോക്‌സഭാ മണ്ഡലത്തില്‍ കേവലം രണ്ടു സീറ്റുമാത്രമാണ് സഖ്യത്തിനു ലഭിച്ചത്. 26 സീറ്റും ബി.ജെ.പി സ്വന്തമാക്കി. മുന്‍ പ്രധാനമന്ത്രി ദേവഗൗഡ അടക്കമുള്ള പ്രമുഖരെല്ലാം പരാജയപ്പെട്ടു.
അതേസയമം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാറ്റിനിര്‍ത്തപ്പെട്ട ഡി.കെ.ശിവകുമാര്‍ നേതൃത്വമേറ്റെടുത്തപ്പോള്‍ കര്‍ണാടകയിലെ അര്‍ബന്‍ ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടവുമുണ്ടായി.
ബി.ജെ.പിയെ കെട്ടുകെട്ടിക്കുന്ന രീതിയിലുള്ള മുന്നേറ്റമാണ് കോണ്‍ഗ്രസ് അര്‍ബന്‍ തിരഞ്ഞെടുപ്പില്‍ നടത്തിയത്. സഖ്യമില്ലാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തനിച്ചു മത്സരിച്ചപ്പോള്‍ മികച്ച വിജയമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്.
കര്‍ണാടകയിലെ 21 ജില്ലകളിലായി സിറ്റി, മുനിസിപ്പല്‍ കൗണ്‍സിലിലെ 1,221 വാര്‍ഡുകളിലേക്കും ടൗണ്‍, മുനിസിപ്പല്‍ കൗണ്‍സില്‍, 22 ടൗണ്‍ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്.
ഇതില്‍ 11 ജില്ലകളിലും കോണ്‍ഗ്രസ് തനിച്ച് വിജയിച്ചു. നാലു ജില്ലകളില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. 128 വാര്‍ഡുള്ള ഏറ്റവും വലിയ മുനിസിപ്പാലിറ്റിയില്‍ 75 സീറ്റുകളും കോണ്‍ഗ്രസാണ് നേടിയിരുന്നത്.
ബി.ജെ.പിക്ക് ആകെ 31 സീറ്റുകളേ നേടാനായുള്ളൂ. കര്‍ണാടകയിലെ കനത്ത പരാജയത്തോടെ പ്രതിഛായമങ്ങിയ കെ.സിക്ക് കേരളത്തിലും ഇപ്പോള്‍ സ്ഥിതി പ്രതികൂലമാണ്.
ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്റെ പരാജയത്തിന് കെ.സി വേണുഗോപാലിനെയാണ് ആലപ്പുഴ ഡി.സി.സി നേതൃയോഗം പ്രതികൂട്ടിലാക്കിയിരിക്കുന്നത്.
സിറ്റിങ് സീറ്റായ ആലപ്പുഴയില്‍ സി.പി.എം എം.എല്‍.എ ആരിഫ് എതിരാളിയായതോടെയാണ് കെ.സി മത്സരംരഗത്തുനിന്നും തന്ത്രപൂര്‍വം മാറി നിന്നിരുന്നത്.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായതിനാല്‍ ജോലിഭാരം ഉയര്‍ത്തികാട്ടിയായിരുന്നു കെ.സിയുടെ പിന്‍മാറ്റം. എന്നാല്‍ സുരക്ഷിതമണ്ഡലമായ വയനാട് ലഭിക്കാതിരുന്നതോടെ ആലപ്പുഴയെ കൈവിടുകയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
കെ.സിയേക്കാള്‍ ഏറെ ചുമതലകളുള്ള രാഹുല്‍ഗാന്ധിയടക്കമുള്ളവര്‍ മത്സരിക്കുമ്പോള്‍ ജോലിഭാരം പറഞ്ഞ് കെ.സി പിന്‍മാറിയത് കോണ്‍ഗ്രില്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
ലോക്‌സഭാംഗമല്ലാതായതോടെ പാര്‍ലമെന്റിലും തിളങ്ങാനുള്ള അവസരമാണ് കെ.സിക്ക് നഷ്ടമായിരിക്കുന്നത്. രാജ്യസഭാംഗമായി പാര്‍ലമെന്റിലെത്താനുള്ള അവസരവും ഇനി എളുപ്പമല്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെപ്പോലും രാജ്യസഭയിലെത്തിക്കാന്‍ ഏറെ കഷ്ടപ്പെടുകയാണ് നിലവില്‍ കോണ്‍ഗ്രസ്.
തമഴിനാട്ടില്‍ സഖ്യകക്ഷിയായ ഡി.എം.കെ മന്‍മോഹന് സീറ്റ് നല്‍കാന്‍ തയ്യാറാകാഞ്ഞതോടെ രാജസ്ഥാനില്‍ നിന്നാണ് സീറ്റുറപ്പിച്ചിരിക്കുന്നത്.
നേരത്തെ ഗോവയുടെ ചുമതലയായിരുന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാലിനുണ്ടായിരുന്നത്. അവിടെ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുകയായിരുന്നു.
മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തോടെ ഭരണംപിടിക്കാനുള്ള കോണ്‍ഗ്രസിന്റെ അവസരവും കെ.സി കളഞ്ഞുകുളിച്ചു.
ഇപ്പോള്‍ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്്‌ലേക്കറിന്റെ നേതൃത്വത്തില്‍ 10 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് ഗോവയിലെ കോണ്‍ഗ്രസിന്റെ പതനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇനി കെ.സി വേണുഗോപാലിന്റെ പാര്‍ട്ടിയിലെ പദവി കൂടി തൈറിക്കുമോ എന്നത് മാത്രമാണ് കണ്ടറിയാനുള്ളത്.
Political Reporter