കൊച്ചി: മതത്തിന്റെയോ ഭക്ഷണരീതിയുടെയോ പേരില്‍ ആരും ആക്രമിക്കപ്പെടുന്ന നില ആവര്‍ത്തിക്കാതിരിക്കാന്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് കത്തോലിക്കാ സഭയുടെ സര്‍ക്കുലര്‍. ഏതെങ്കിലും പാര്‍ട്ടിയോടോ മുന്നണിയോടോ പ്രത്യേക ആഭിമുഖ്യമില്ലെന്നും കത്തോലിക്കാ സഭ സര്‍ക്കുലറില്‍ പറയുന്നു.
വോട്ടര്‍മാര്‍ അവരുടെ കര്‍ത്തവ്യം വിവേകപൂര്‍വ്വം നിര്‍വഹിക്കണം. മതത്തിന്റെയോ ജാതിയുടെയോ ഭക്ഷണരീതിയുടെയോ പേരില്‍ ആരും ആക്രമണത്തിന് ഇരയാകരുത്. വിവേചനത്തിനെതിരെ നിലപാടെടുക്കാന്‍ കഴിയുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തില്‍ വരണം. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന സാഹചര്യമുണ്ടാകരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ തകര്‍ക്കുന്നതോ ഏകശിലാരൂപത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതോ ആയ നീക്കങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാവരുത്. ഭരണഘടനയുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും സ്വാതന്ത്ര്യവും നിഷ്പക്ഷവുമായ പ്രവര്‍ത്തനവും ഉറപ്പുവരുത്താന്‍ കഴിയണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഏപ്രില്‍ ഏഴിന് കത്തോലിക്കാ സഭയുടെ കീഴിലുള്ള എല്ലാ ദേവലായങ്ങളിലും സര്‍ക്കുലര്‍ വായിച്ച് വിശദീകരിച്ചുകൊടുക്കും.