കൊച്ചി: മൂന്നില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍ നല്‍കിയ രൂപതകള്‍ക്ക് പിന്തുണയുമായി കെസിബിസി. ക്ഷേമപദ്ധതികള്‍ നല്‍കിയത് ജനനനിരക്ക് പ്രോത്സാഹിപ്പിക്കാനെന്ന് കത്തോലിക്ക മെത്രാന്‍ സമിതി വ്യക്തമാക്കി. കുഞ്ഞുങ്ങളുടെ ജനന നിരക്ക് ഏറ്റവും കുറഞ്ഞ സമുദായമായി ക്രൈസ്തവ സമൂഹം മാറിയെന്നും, ജനനനിരക്ക് കുറയുന്നത് ആശങ്കാജനകമാണെന്നും കെസിബിസി വാര്‍ഷിക സമ്മേളനത്തിന് ശേഷം വ്യക്തമാക്കി.
മൂന്നില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച നടപടി വിവാദമായെങ്കിലും പാലാ, കാഞ്ഞിരപ്പള്ളി, പത്തനംതിട്ട രൂപതകളുടെ നടപടിക്ക് കെസിബിസി പരസ്യ പിന്തുണ നല്‍കുകയാണ്.
നിലനില്‍പ് തന്നെ അപകടത്തിലാകുംവിധം ജനനനിരക്ക് ക്രൈസ്തവര്‍ക്കിടയില്‍ കുറയുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നാണ് നിലപാട്. കേരളത്തിലെ ജനസംഖ്യയില്‍ 24.6 ശതമാനമുണ്ടായ ക്രൈസ്തവര്‍ 17.2 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുന്ന പദ്ധതിയുമായി അതിരൂപതകള്‍ മുന്നോട്ട് വന്നതെന്നാണ് കെസിബിസി വിശദീകരിക്കുന്നത്.