തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ചന്ദ്രബോസ് വധക്കേസില്‍ പ്രതിയെ സഹായിക്കാന്‍ കൂട്ടുനിന്നതിന് ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയ ജേക്കബ് ജോബിനെ പത്തനംതിട്ട എസ്പിയായി നിയമിച്ചു. വിരമിക്കാന്‍ ഇനി മൂന്ന് മാസം മാത്രമാണ് ഈ ഉദ്യോഗസ്ഥനുള്ളത്.
വിജിലന്‍സ് കേസില്‍ പ്രതിയായ സജി ബഷീറിനെ കെല്‍പാം എംഡിയായാണ് നിയമിച്ചത്. അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള വിവാദകേസുകള്‍ നിലനില്‍ക്കെയാണ് നിയമനം.
സിഡ്‌കോ എംഡിയായിരിക്കെയാണ് സജിക്കെതിരെ ക്രമക്കേട് ആരോപണം ഉയര്‍ന്നത്. ഇയാളെ പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെയും സിഡ്കോയുടെയും എംഡിയായിരിക്കെ സജി ബഷീര്‍ നടത്തിയ ഇടപാടുകള്‍ സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
അധികാര ദുര്‍വിനിയോഗത്തിലൂടെ സജി സമ്പാദിച്ച സ്വത്ത് വിദേശത്ത് നിക്ഷേപിക്കാന്‍ സാധ്യതയുണ്ട്. സിബിഐയ്ക്കു മാത്രമേ ഇക്കാര്യം അന്വേഷിക്കാനാവൂ. ലക്നൗവിലെ ഉത്തര്‍പ്രദേശ് കോ ഓപ്പറേറ്റീവ് ഫെഡറേഷന് ഡൈ അമോണിയം ഫോസ്‌ഫേറ്റ് നല്‍കിയതിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സിന്റെ പരിമിതിയുണ്ട്. ഇയാളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഈ വസ്തുതകൂടി കണക്കിലെടുത്ത് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ഡെല്‍ഹിയില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയത്തിയ ഐപിഎസ് ഓഫീസര്‍ വിജയ് എസ്.സാഖറെയെ പൊലീസ് ആസ്ഥാനത്തെ ഭരണവിഭാഗം ഐജിയായി നിയമിച്ചു.കണ്ണൂര്‍ സിബിസിഐഡി എസ്പിയായിരുന്ന ഡോ.എ.ശ്രീനിവാസിനെ കൊല്ലം സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മീഷണറായും ഗോപി.പിഎസിനെ കെപി അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് ഡയറക്ടറായും നിയമിച്ചിട്ടുണ്ട്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിതാ ബീഗത്തെ മാറ്റി പകരം എ ശ്രീനിവാസിനെ നിയമിച്ചു.