കേദാര്‍നാഥ് സിനിമക്കെതിരായ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി

ബോബൈ : അഭിഷേക് കപൂര്‍ സംവിധാനം ചെയ്ത സാറ അലി ഖാന്റെ ആദ്യ ചിത്രമായ കേദാര്‍നാഥ് സിനിമക്കെതിരായ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. കേദാര്‍നാഥ് സിനിമയിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന ഹര്‍ജിയുമായാണ് പ്രഭാകര്‍ ത്രിപാദി, രമേശ് ചന്ദ്രമിശ്ര എന്നിവര്‍ കോടതിയെ സമീപിച്ചത്.

സിനിമയുടെ റിലീസ് നിറുത്തി വെക്കണമെന്ന ആവശ്യമാണ് പെറ്റിഷണര്‍ കോടതിയോടാവശ്യപ്പെട്ടത്. കേദാര്‍നാഥ് സിനിമ വീണ്ടും സെന്‍സര്‍ ബോര്‍ഡ് സൂക്ഷ്മമായി കണ്ട് പരിശോധിക്കണമെന്നും പരാതിയിലുണ്ടായിരുന്നു. ചിത്രം ലൗ ജിഹാദിനും ഹിന്ദു മതത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ കേദാര്‍നാഥിനെ ചുറ്റിയുള്ള സിനിമയില്‍ കേദാര്‍നാഥ് കാണിക്കുന്നതില്‍ അപാകതയില്ലെന്ന് കോടതി ചൂണ്ടി കാട്ടി. മധുരൈയെ പറ്റി സിനിമയെടുക്കുകയാണെങ്കില്‍ മധുരൈ ക്ഷേത്രവുമുണ്ടാകുമെന്നും അത് പോലെ തന്നെയാണ് കേദാര്‍നാഥ് സിനിമയെന്നും സിനിമയുടെ നിര്‍മാതാവിനെ പ്രതിനിധീകരിച്ച അഡ്വക്കറ്റ് പ്രസാദ് ദഖേഫല്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡിനെ പ്രതിനിധീകരിച്ച അഡ്വക്കേറ്റ് അദ്വൈത് സേത്‌ന സിനിമ മുഴുവന്‍ സൂക്ഷമമായി കണ്ടതാണെന്നും എവിടെയെല്ലാം തിരുത്തണം അവിടെയെല്ലാം അതിന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അതെല്ലാം മാറ്റിയതിന് ശേഷം മാത്രമാണ് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും വാദിച്ചു.

സിനിമയുടെ ട്രെയ്ലര്‍ സര്‍ട്ടിഫിക്കേഷനയക്കും മുന്‍പ് തന്നെ ഓണ്‍ലൈനില്‍ പുറത്തു വിട്ടെന്ന പെറ്റിഷണറുടെ പരാതി പക്ഷെ സിനിമാട്ടോഗ്രഫി ആക്ടില്‍ ഉള്‍പ്പെടുന്നതല്ല എന്ന് പറഞ്ഞു കോടതി മടക്കിയയച്ചു. സാറ അലി ഖാനും സുശാന്ത് സിങ് രജ്പുതും മുഖ്യ കഥാപാത്രങ്ങളാവുന്ന കേദാര്‍നാഥ് നാളെയാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

Top