ചെന്നൈ: ഭരണകാര്യങ്ങളിലും പാര്‍ട്ടികാര്യങ്ങളിലും ഇടപെടരുതെന്ന് ബന്ധുക്കള്‍ക്ക് ശക്തമായ താക്കീത് നല്‍കി ജയലളിതയുടെ തോഴി ശശികല. അടുത്ത ബന്ധുക്കള്‍ക്കും സഹോദരങ്ങള്‍ക്കുമാണ് ശശികല നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പൊയസ്ഗാര്‍ഡനില്‍ ബന്ധുക്കളുടെ യോഗം ശശികല വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് താക്കീത് നല്‍കിയത്. ഇതിനു ശേഷം മുഖ്യമന്ത്രി പനീര്‍ ശെല്‍വമടക്കം പാര്‍ട്ടിയുടെ പ്രധാന നേതാക്കളുടെ യോഗത്തില്‍ ഇക്കാര്യം ശശികല സൂചിപ്പിച്ചു. തന്റെ ബന്ധുക്കള്‍ നല്‍കുന്ന ഒരു നിര്‍ദേശവും സ്വീകരിക്കേണ്ടതില്ലെന്ന് അവര്‍ അറിയിച്ചു.
നിലവില്‍ ശശികലയുടെ എല്ലാ ബന്ധുക്കളും ജയലളിതയുടെ വസതിയായ പൊയസ്ഗാര്‍ഡനിലാണുള്ളത്. ഇവര്‍ എല്ലാവരും തന്നെ ഉടന്‍ ഇവിടം വിടും. എന്നാല്‍ ശശികലയ്‌ക്കൊപ്പം ഭര്‍തൃ സഹോദരി ഇളവരശി മാത്രം പൊയസ്ഗാര്‍ഡനില്‍ തങ്ങുമെന്നാണ് അറിയുന്നത്. 2011 ല്‍ ശശികലയേയും ബന്ധുക്കളേയും ജയലളിത പൊയസ്ഗാര്‍ഡനില്‍നിന്നും പുറത്താക്കിയിരുന്നു. പിന്നീട് ശശികലയെ ജയലളിത തിരികെ വിളിച്ച് ഒപ്പംകൂട്ടി. ശശികലയുടെ ബന്ധുക്കളെ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു.
എന്നാല്‍ ജയലളിതയുടെ അന്ത്യകര്‍മങ്ങളില്‍ ശശികലയും ബന്ധുക്കളുമാണ് മുന്നില്‍നിന്നത്. ഇത് സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതാണ് പുതിയ നീക്കത്തിനു ശശികലയെ പ്രേരിപ്പിച്ചിരിക്കുന്നത്.
ജയലളിതയുടെ മരണത്തോടെ പാര്‍ട്ടിയിലും സര്‍ക്കാരിലും പിടിമുറുകിയ ശശികലയ്‌ക്കെതിരെ ഇതിനോടകം നേതാക്കള്‍ക്കിടയില്‍ മുറുമുറുപ്പ് ആരംഭിച്ചിട്ടുണ്ട്.