വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത അത്ഭുതപ്പെടുത്തി; ഉടന്‍ വിവാഹമില്ല: നടി കീര്‍ത്തി സുരേഷ്

കൊച്ചി: ഉടന്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് നടി കീര്‍ത്തി സുരേഷ്.
നടി കീര്‍ത്തി സുരേഷ് ഒരു ബിസിനസുകാരനുമായി വിവാഹിതയാവാന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ ഏതാനും ദിവസം മുമ്പ് വാര്‍ത്തകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി വാര്‍ത്ത നിഷേധിച്ചു.

തന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത തന്നെ അത്ഭുതപ്പെടുത്തിയെന്ന് നടി ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘ഈ വാര്‍ത്ത എന്നെ അത്ഭുതപ്പെടുത്തി. ഇത് എങ്ങനെയാണ് പ്രചരിക്കാന്‍ തുടങ്ങിയതെന്ന് എനിക്കറിയില്ല. എനിക്ക് ഇപ്പോള്‍ അത്തരം പദ്ധതികളൊന്നുമില്ല.

മാത്രമല്ല തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നതിനേക്കാള്‍ ആളുകള്‍ പ്രധാന വാര്‍ത്തകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.

”രാജ്യം ഇപ്പോള്‍ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന പ്രശ്‌നങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു, അത്തരം അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങള്‍ക്ക് പകരം കോവിഡ് -19 പാന്‍ഡെമിക്കിനെതിരെ പോരാടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്,” അവര്‍ വെളിപ്പെടുത്തി.

കൂടാതെ, ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പാലിക്കണമെന്നും കീര്‍ത്തി എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ”ഞാന്‍ ആളുകളോട് പറയാന്‍ ആഗ്രഹിക്കുന്നത് സുരക്ഷിതരായി തുടരുക, സാമൂഹിക അകലം പാലിക്കുക, നിങ്ങളുടെ പ്രിയപ്പെട്ടവരെ സുരക്ഷിതമായി സൂക്ഷിക്കാന്‍ പ്രവര്‍ത്തിക്കുക എന്നിവയാണ്,” അവര്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനുമുമ്പ്, നാഗേഷ് കുക്കുനൂറിന്റെ ഗുഡ് ലക്ക് സഖി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു നടി.

തെലുങ്ക് ചിത്രമായ മഹാനടിയുടെ വലിയ വിജയത്തോടെ വിലപിടിപ്പുള്ള നായികയായി കീര്‍്ത്തി മാറിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. കൈനിറയെ സിനിമകളാണ് വിവിധ ഭാഷകളിലായി ഇപ്പോള്‍ നടിയെ കാത്തിരിക്കുന്നത്. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് കീര്‍ത്തിയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം.

Top